യൂറോകപ്പിലെ യുവതാരമായി ലമീൻ യമാൽ, പിന്നിലാക്കിയത് സാക്ഷാൻ പെലെയുടെ റെക്കോർഡ് നേട്ടം

Lamine Yamal
Lamine Yamal
അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ജൂലൈ 2024 (08:00 IST)
ജര്‍മനിയില്‍ നടന്ന യുവേഫ യൂറോകപ്പിലെ ഏറ്റവും മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കി സ്‌പെയിനിന്റെ കൗമാരതാരം ലാമിന്‍ യമാല്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയിന്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് യമാലിനെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി തിരെഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പതിനേഴാം പിറന്നാള്‍.

ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിന്റെ ആദ്യ ഗോളിന് പിന്നില്‍ യമാലിന്റെ പാദസ്പര്‍ശമുണ്ടായിരുന്നു. ബോക്‌സിന്റെ വലതുവശത്ത് നിന്ന് മറുപുറത്ത് ഓടിയെത്തിയാണ് നിക്കോ വില്യംസിന് യമാല്‍ പാസ് കൈമാറിയത്. പന്ത് ഇടം കാലുകൊണ്ട് അനായാസമായി വലയിലെത്തിച്ച് നിക്കോ വില്യംസ് സ്‌പെയിനിന് ലീഡ് നേടികൊടുക്കുകയും ചെയ്തു. മത്സരത്തിന്റെ 47മത് മിനിറ്റിലായിരുന്നു ഈ ഗോള്‍. ഇതോടെ ടൂര്‍ണമെന്റില്‍ 4 അസിസ്റ്റും ഒരു ഗോളും സ്വന്തമാക്കാന്‍ യമാലിനായി. സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെതിരെയായിരുന്നു യമാലിന്റെ ഗോള്‍ നേട്ടം.

യൂറോകപ്പിലെ മികച്ച യുവതാരമായി തിരെഞ്ഞെടുക്കപ്പെട്ടതോടെ പുരുഷ ലോകകപ്പിലോ യൂറോകപ്പിലോ കോപ്പ അമേരിക്കയിലോ ഫൈനല്‍ മത്സരത്തിനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇതിഹാസ താരം പെലെയില്‍ നിന്നും യമാല്‍ സ്വന്തമാക്കി. ഫൈനല്‍ മത്സരത്തില്‍ യമാല്‍ ഇറങ്ങുമ്പോള്‍ 17 വയസും ഒരു ദിവസവുമായിരുന്നു യമാലിന്റെ പ്രായം. 1958ല്‍ പെലെ ലോകകപ്പ് ഫൈനല്‍ മത്സരം കളിക്കുമ്പോള്‍ 17 വയസും 249 ദിവസവും പ്രായമുണ്ടായിരുന്നു. 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് യമാല്‍ മറികടന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :