അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ജൂലൈ 2024 (07:50 IST)
ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം വീണ്ടും യൂറോപ്പിന്റെ രാജക്കന്മാരായി സ്പാനിഷ് പട. കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയിന്‍ യൂറോകപ്പ് കിരീടം സ്വന്തമാക്കിയത്. ടിക്കി ടാക്ക ഫുട്‌ബോള്‍ വിട്ടുകൊണ്ട് പ്രായോഗിക ഫുട്‌ബോളിലേക്ക് ചുവടുമാറിയ സ്പാനിഷ് പട ഇത്തവണ യൂറോകപ്പില്‍ സമ്പൂര്‍ണ്ണമായ ആധിപത്യമാണ് പുലര്‍ത്തിയത്. അതേസമയം കടലാസില്‍ ശക്തമാണെങ്കിലും പെരുമയ്‌ക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായില്ല.
സ്‌പെയിനിന്റെ നാലമത്ത് യൂറോകപ്പ് കിരീടനേട്ടമാണിത്. ഇതാദ്യമായാണ് ഒരു ടീം നാല് യൂറോ കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കുന്നത്. രണ്ടാം പകുതിയില്‍ നിക്കോ വില്യംസും അവസാന മിനിറ്റുകളില്‍ മികെല്‍ ഒയര്‍സബാലുമാണ് സ്‌പെയിനിനായി ഗോളുകള്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിനായി പകരക്കാരനായി ഇറങ്ങിയ കോള്‍ പാല്‍മറാണ് ആശ്വാസഗോള്‍ നേടിയത്.
യൂറോയില്‍ ക്രൊയേഷ്യ,ഇറ്റലി,ജര്‍മനി,ഫ്രാന്‍സ് എന്നിവരെ മറികടന്നായിരുന്നു സ്‌പെയിന്‍ ഫൈനല്‍ യോഗ്യത നേടിയത്. 2012ല്‍ യൂറോ കപ്പ് സ്വന്തമാക്കിയതിന് ശേഷം സ്‌പെയിന്‍ നേടുന്ന ആദ്യ പ്രധാന ടൂര്‍ണമെന്റാണിത്.
അതേസമയം തങ്ങളുടെ ആദ്യ യൂറോകപ്പ് കിരീടം സ്വന്തമാക്കാനുള്ള അവസരമാണ് ഇംഗ്ലണ്ട് നഷ്ടമാക്കിയത്. 1966ല്‍ ലോകകപ്പ് കിരീട നേട്ടം സ്വന്തമാക്കിയതല്ലാതെ മറ്റൊരു നേട്ടവും സമ്പന്നമായ ക്ലബ് പാരമ്പര്യമുണ്ടായിട്ടും ഇംഗ്ലണ്ടിന് നേടാനായിട്ടില്ല. ഫുട്‌ബോളിന്റെ ഈറ്റില്ലത്തിലേക്ക് ഇത്തവണയെങ്കിലും ഒരു ട്രോഫി ലഭിക്കുമെന്ന് കരുതിയെങ്കിലും ഇത്തവണയും ആ നേട്ടത്തിലെത്താന്‍ ഇംഗ്ലണ്ടിനായില്ല. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനല്‍ തോല്‍വിയാണിത്.