കൊച്ചി|
jibin|
Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (17:22 IST)
“മറ്റൊരു ടീമിനും ലഭിക്കാത്ത പിന്തുണ, ആരെയും അതിശയിപ്പിക്കുന്ന ആര്‍ത്തിരമ്പുന്ന നിറഞ്ഞ ഗ്യാലറി” ഇതെല്ലാമുണ്ടായിട്ടും കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുന്നു. ആദ്യ സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന പ്രകടനം രണ്ടാം സീസണില്‍ നടത്താന്‍ കഴിയാതിരുന്നു ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സീസണിലും അതാവര്‍ത്തിക്കുമോ എന്ന ഭയമാണിപ്പോള്‍.
ആദ്യ മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തോല്‍വിയറിഞ്ഞതിന് പിന്നാലെ രണ്ടാം മത്സരത്തില്‍ ആദ്യ ഹോംമാച്ചിൽ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് തോല്‍വി പിണഞ്ഞതാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശയിലാക്കിയത്.
ആദ്യ മൽസരത്തിലേതിനേക്കാൾ മികച്ച പ്രകടനമായിരുന്നു കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയതെങ്കിലും ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയില്ലാതെ വന്നതും ഗോള്‍ അവസരങ്ങള്‍ ഇല്ലാതാക്കിയതും ലഭിച്ചവ പാഴാക്കിയതുമാണ് കൊമ്പന്മാരുടെ പരാജയത്തിന് വഴിവച്ചത്. മാർക്വീതാരവും പ്രതിരോധത്തിലെ കരുത്തനുമായ ആരോൺ ഹ്യൂസിനെ നഷ്‌ടമായതും കുറവ് തന്നെയാണ്.
അതിമനോഹരമായ ഫുട്‌ബോളായിരുന്നു ആദ്യ ഹോം മാച്ചില്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. വേഗമാര്‍ന്ന നീക്കങ്ങള്‍, തകര്‍പ്പന്‍ ഗോള്‍ ഷോട്ടുകള്‍, നല്ല സേവുകള്‍, ലോംഗ് റേഞ്ചുകള്‍, അവസാന നിമിഷത്തിലെ ചൂടന്‍ നിമിഷങ്ങള്‍ ഇവയെല്ലാം കൊച്ചിയില്‍ കാണാനായി.
ഇനി കളിയിലേക്ക്:-
പ്രതിരോധം ദുർബലമാകാതിരിക്കാന്‍ മിഡ്ഫീൽഡർ ആയ ഹോസു പ്രീറ്റോയെ പ്രതിരോധച്ചുമതല ഏൽപ്പിച്ച പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ നീക്കത്തെ കുറ്റം പറയാനാകില്ല. എൽഹാജി എൻഡോ, ഇന്ത്യൻ താരങ്ങളായ
മുഹമ്മദ് റഫീഖ്, മെഹ്താബ് ഹുസൈൻ, ഫാറൂഖ് ചൗധരി എന്നിവരെ മധ്യനിരയിലിട്ടതും ആക്രമണത്തിന്റെ വേഗവും ശക്തിയും കുറയാതിരിക്കാൻ ഡക്കൻസ് നസോണിനെയും അന്റോണിയോ ജർമനെയും ഗോൾ വേട്ടയ്ക്കു നിയോഗിച്ചതും മികച്ച നീക്കം തന്നെയായിരുന്നു.
അന്റോണിയോ ജര്‍മന്‍ സുന്ദരമായി കളം നിറഞ്ഞു കളിച്ചു, ഗോള്‍ നേടുന്നതിന് ശ്രമിക്കുകയും ചെയ്‌തു. ഹോസു വിംഗുകളില്‍ കുതിപ്പ് നടത്തിയത് നല്ല നിമിഷങ്ങളായിരുന്നുവെങ്കിലും ഏകോപനത്തിന് ആളില്ലാതെ വന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ തട്ടി തെറിച്ചു.
സമീ ഡൂട്ടീ എന്ന ദക്ഷിണാഫ്രിക്കൻ താരത്തെ പിടിച്ചുകെട്ടാനായിരുന്നു ഹോസുവിനെ നിയോഗിച്ചത്. ആദ്യപകുതിയിൽ ഹോസു തന്റെ ജോലി ഭംഗിയായി നിർവഹിക്കുകയും ചെയ്തു. അവസാന നിമിഷം നസോണിനെ പിൻവലിച്ച് ഇന്ത്യൻ വംശജനായ മൈക്കൽ ചോപ്രയെ ഇറക്കിയെങ്കിലും വൈകിയിരുന്നു.
സെന്‍ട്രല്‍ ഡിഫന്‍ഡറാണ് സന്ദേഷ് ജിംഗാന് പരിചതമല്ലാത്ത ഇടത് വിംഗില്‍ കളിക്കേണ്ടി വന്നതും തിരിച്ചടി തന്നെയാണ്. ഈ തിരിച്ചടിയില്‍ നിന്നാണ് കൊല്‍ക്കത്ത ഗോള്‍ കണ്ടെത്തിയതും. ഗോള്‍ അടിക്കേണ്ട ചുമതലയുള്ള ജര്‍മനെ കൊല്‍ക്കത്ത പ്രതിരോധം പിടിച്ചു കെട്ടുകയും ചെയ്‌തു. ഇതേ പ്രശ്‌നം തന്നെയായിരുന്നു ഫാറൂഖ് ചൗധരിയെന്ന യുവതാരത്തിനും നേരിടേണ്ടി വന്നത്. കൊൽക്കത്തയുടെ പരിചയ സമ്പന്നരായ വിദേശതാരങ്ങൾ ജര്‍മനെയും ചൗധരിയേയും വട്ടമിട്ട് പിടിക്കുകയായിരുന്നു.
റഫീഖും ഫാറൂഖും മധ്യനിരയിൽ അധ്വാനിച്ചു കളിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
വരും മത്സരങ്ങളില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒരു ജയം നേടിയാല്‍ ടീം താളം കണ്ടെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവര്‍.