അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (09:50 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം വിജയം. ലീഗിലെ അരങ്ങേറ്റക്കാരായ കൊല്‍ക്കത്ത മൊഹമ്മദന്‍സിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് 2 ഗോളുകള്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചത്.
കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്വാമി പെപ്രയും ജീസസ് ജിമെനെസുമാണ് ബ്ലാസ്റ്റേസിനായി വലകുലുക്കിയത്. എം കസിമോവാണ് മുഹമ്മദന്‍സിന്റെ ഏകഗോള്‍ സ്വന്തമാക്കിയത്. പരിക്കുമാറി അഡ്രിയാന്‍ ലൂണ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ തുടക്കത്തില്‍ മുഹമ്മദന്‍സിനായിരുന്നു മുന്‍തൂക്കം. പതിനൊന്നാം മിനിറ്റില്‍ മുഹമ്മദന്‍സ് താരം വാല്‍ലാല്‍സുദികയുമായി കൂട്ടിയിടിച്ച് ലൂണയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മത്സരത്തില്‍ 27മത്തെ മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു മുഹമ്മദന്‍സിന്റെ ഗോള്‍.
67മത്തെ മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറുപടി ഗോള്‍ എത്തി. പകരക്കാരനായി ഇറങ്ങി 2 മിനിറ്റിനുള്ളില്‍ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചത്. നോഹ സദോയിയുടേതായിരുന്നു അസിസ്റ്റ്. തുടര്‍ന്ന് 75മത്തെ മിനിറ്റില്‍ ജിമെനെസ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോളും സ്വന്തമാക്കി. അതേസമയം മത്സരത്തില്‍ മൊഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതോടെ മുഹമ്മദന്‍സ് കാണികള്‍ ബഹളം വെച്ചു. ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടിയതോടെ കാണികള്‍ കളിക്കാര്‍ക്ക് നേരെ കുപ്പികളും മറ്റും എറിഞ്ഞു. കാണികള്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. ഇതോടെ റഫറി മത്സരം മാറ്റിവെയ്ക്കുകയായിരുന്നു. ഒടുവില്‍ മുഹമ്മദന്‍സ് ആരാധക സംഘത്തെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.