രേണുക വേണു|
Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (11:25 IST)
Kerala Blasters: വയനാട് ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയതിനൊപ്പം 'ഗോള്‍ ഫോര്‍ വയനാട്' ക്യാംപയ്‌നും തുടക്കമിട്ടു. സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐഎസ്എല്‍ 11-ാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഓരോ ഗോളും വയനാടിനുള്ള കൈതാങ്ങാണ്.
ഈ സീസണില്‍ കേരളത്തിന്റെ മഞ്ഞപ്പട സ്‌കോര്‍ ചെയ്യുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് 'ഗോള്‍ ഫോര്‍ വയനാട്' ക്യാംപയ്ന്‍.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ചെയര്‍മാന്‍ നിമ്മഗഡ്ഡ പ്രസാദ്, കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ബി.നിമ്മഗഡ്ഡ, കെ.ബി.എഫ്.സി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശുശെന്‍ വശിഷ്ത് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. ഒപ്പം മുഖ്യമന്ത്രിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ജഴ്സി സമ്മാനിക്കുകയും വരാനിരിക്കുന്ന സീസണിലെ മത്സരങ്ങള്‍ കാണാന്‍ മുഖ്യമന്ത്രിയെ സ്റ്റേഡിയത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.