സെക്‌സ് ടേപ്പിന്റെ പേരിൽ ബ്ലാക്ക് മെയിലിങ്: ബെൻസെമയ്ക്ക് തടവും പിഴയും

അഭിറാം മനോഹർ| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (16:35 IST)
സെക്‌സ് ടേപ്പ് ഉപയോഗിച്ച് സഹ കളിക്കാരനെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന കേസില്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് ഫു‌ട്‌ബോൾ താരം കരിം ബെൻസേമയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ഉപാധിയോടെയുളള ഒരു വര്‍ഷത്തെ തടവും എഴുപത്തയ്യായിരം യൂറോ പിഴയുമാണ് ഫ്രഞ്ച് കോടതിവിധി. എന്നാൽ സസ്‌പെന്‍ഡഡ് തടവുശിക്ഷയായതിനാല്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ബെന്‍സെമ ജയിലില്‍ കിടക്കേണ്ടതില്ല. ഈ കാലയളവിൽ കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ മാത്രം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും.

ഫ്രഞ്ച് ഫുട്‌ബോളര്‍ മാത്യു വെല്‍ബ്യുനയെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലാണ് മറ്റ് അഞ്ചുപേരോടൊപ്പം ബെന്‍സെമയെയും ശിക്ഷിച്ചത്.2015-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അന്ന് വെൽബ്യുനയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച അശ്ലീല വീഡിയോയുടെ പേരിൽ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

എന്നാല്‍, കേസില്‍ താന്‍ നിരപരാധിയാണെന്നും യഥാര്‍ഥത്തില്‍ വെല്‍ബ്യുനയെ രക്ഷിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നുമായിരുന്നു ബെന്‍സെമയുടെ വാദം. സംഭവത്തിന് ആധാരമായ വീഡിയോ നശിപ്പിക്കണം എന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്ന് ബെൻസേമ വിചാരണകോടതിയിൽ മൊഴി നൽകി. ഈ സംഭവത്തെ തുടർന്ന് ബെൻസെമയെ അഞ്ചു വർഷത്തേക്ക് ഫ്രഞ്ച് ടീമിൽ നിന്ന് പുറത്താക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :