ചെല്‍‌സിയില്‍ വിപ്ലവം; മൗറീഞ്ഞോയുടെ രക്തത്തിനായി മുറവിളി

 ഹോസെ മൗറീഞ്ഞോ , ചെല്‍‌സി , ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
jibin| Last Updated: ബുധന്‍, 28 ഒക്‌ടോബര്‍ 2015 (14:58 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി ദയനീയ പരാജയം തുടരുന്ന സാഹചര്യത്തില്‍ കോച്ച് ഹോസെ മൗറീഞ്ഞോയെ പുറത്താക്കാന്‍ ക്ലബ് അധികൃതര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതിയ സീസണില്‍ തോല്‍വികള്‍ തുടരുന്നതും കിരീട പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്‌തതിന് പിന്നാലെ ആരാധകര്‍ മൗറീഞ്ഞോയുടെ രക്തത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്ലബ് കോച്ചിനെ പുറത്താക്കാന്‍ പദ്ധതിയിടുന്നത്.

പുതിയ സീസണില്‍ 10 മത്സരങ്ങളില്‍ അഞ്ചും തോറ്റ ചെല്‍സിക്ക് മൂന്നു ജയം മാത്രമാണ് നേടാനായത്. പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച സ്വന്തം ഗ്രൗണ്ടില്‍ ലിവര്‍പൂളുമായി നടക്കുന്ന മത്സരത്തില്‍ ടീം ശക്തമായി തിരിച്ചുവന്നില്ലെങ്കില്‍ മൗറീഞ്ഞോയുടെ കാര്യം പരുങ്ങലിലാണ്.

സ്റ്റാംഫഡ് ബ്രിഡ്ജിലെ മുന്‍ പരിശീലകരായ ഗുസ് ഹിഡിങ്ക്, കാര്‍ലോ ആന്‍സലോട്ടി എന്നിവരില്‍ ആരെങ്കിലും മൗറീഞ്ഞോക്ക് പകരക്കാരനായി ചെല്‍സിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. മൌറീഞ്ഞോയും പിഎസ്ജി, ഇന്റര്‍മിലാന്‍ തുടങ്ങിയ ക്ലബുകളുമായി ബന്ധപ്പെട്ടു എന്നാണ് സൂചന.

അതേസമയം, ക്യാപിറ്റല്‍ വണ്‍ കപ്പ് നാലാം റൗണ്ടില്‍ സ്റ്റോക്ക് സിറ്റിയോട് ഷൂട്ടൗട്ടില്‍ തോറ്റത് ചെല്‍സിക്ക് കനത്ത തിരിച്ചടിയായി. ഇതോടെയാണ് മൗറീഞ്ഞോയുടെ പുറത്താകലിന് വഴിയൊരുക്കുന്നത്. നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും 1-1 ന് അവസാനിച്ചതോടെ ഷൂട്ടൗട്ടില്‍ 5-4 ന് ചെല്‍സിയുടെ അവസാന കിക്കെടുത്ത എയ്ഡന്‍ ഹസാഡിന് പിഴച്ചതോടെ തോല്‍ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :