ഐഎസ്എൽ ഫൈനലിൽ ബെംഗളുരു എഫ്സിക്ക് കണ്ണീർ, ആഘോഷമാക്കി ബ്ലാസ്റ്റേഴ്സ് ആരാധകർ

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (09:05 IST)
ആർത്തിരമ്പിയ ആരാധകകൂട്ടത്തെ ആവേശത്തിൽ ആറാടിച്ചു കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ മുത്തമിട്ട് എടികെ മോഹൻ ബഗാൻ. ആവേശം അവസാന നിമിഷവും കടന്ന് ഷൂട്ടൗട്ടിലേക്കെത്തിച്ച ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് ബഗാൻ ബെംഗളുരു എഫ്സിയെ തകർത്തെറിഞ്ഞത്. എടികെയുടെ നാലാമത്തെ ഐഎസ്എൽ കിരീടമാണിത്.

നിശ്ചിതസമയത്തും അധിക സമയത്തും ഇരുടീമുകളിൽ 2-2 എന്ന നിലയിൽ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിലാണ് മോഹൻ ബഗാൻ്റെ വിജയം. നിശ്ചിത സമയത്ത് മോഹൻ ബഗാനായി ദിമിത്രി പെട്രറ്റോസാണ് 2 ഗോളുകളും നേടിയത്. ബെംഗളുരുവിനായി സുനിൽ ഛേത്രിയും റോയ് കൃഷ്ണയും ഗോൾ നേടി.

പെനാൽറ്റി ഷൂട്ടൗട്ടിൽ മോഹൻ ബഗാനായി പെട്രറ്റോസ്, ലിസ്റ്റൺ,കൊളാസോ,കിയാൻ,മൻവീർ സിംഗ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബെംഗളുരുവിനായി അലൻ കോസ്റ്റ,സുനിൽ ഛേത്രി, റോയ് കൃഷ്ണ എന്നിവരാണ് വലകുലുക്കിയത്. ബെംഗളുരുവിന് കിരീടം നഷ്ടമായത് ആഘോഷത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. നോക്കൗട്ടിൽ ബെംഗളുരുവുമായുള്ള മത്സരത്തിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് ബെംഗളുരു എഫ് സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ രംഗത്തെത്തിയിരുന്നു. അതിനാൽ തന്നെ എടികെയുടെ വിജയം സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :