അഹമ്മദാബാദ് ടെസ്റ്റില്‍ തോറ്റാല്‍ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ പുറത്താകുമോ?

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ ഓസ്‌ട്രേലിയയ്‌ക്കൊപ്പം ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കും

രേണുക വേണു| Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (15:11 IST)

ഓസ്‌ട്രേലിയ മാത്രമാണ് നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇടംപിടിച്ചുള്ള ടീം. ആരായിരിക്കും ഓസ്‌ട്രേലിയയുടെ എതിരാളികളില്‍ എന്നറിയാന്‍ കുറച്ച് കൂടി കാത്തിരിക്കണം. നിലവിലെ സാഹചര്യത്തില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യക്ക് സാധ്യത കൂടുതലാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് ജയിക്കണമെന്ന് മാത്രം. മാര്‍ച്ച് ഒന്‍പത് മുതല്‍ 13 വരെ അഹമ്മദാബാദിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നടക്കുക.

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ ഓസ്‌ട്രേലിയയ്‌ക്കൊപ്പം ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കും. അതേസമയം, മത്സരം തോല്‍ക്കുകയോ സമനിലയിലാകുകയോ ചെയ്താല്‍ ഇന്ത്യയുടെ കാര്യം പരുങ്ങലിലാകും. പിന്നീട് ശ്രീലങ്ക- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ കാര്യങ്ങളാകും ഫൈനലിസ്റ്റിനെ തീരുമാനിക്കുക.

അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടുകയും ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരായ 2 ടെസ്റ്റ് മത്സരങ്ങളും വിജയിക്കുകയും ചെയ്താല്‍ ഇന്ത്യ പുറത്താവുകയും ശ്രീലങ്ക ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും. അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :