ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പി കെ ബാനർജി അന്തരിച്ചു

അഭിറാം മനോഹർ| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (15:23 IST)
ഇന്ത്യൻ ഇതിഹാസവും മുൻ ക്യാപ്‌റ്റനുമായ പി കെ ബാനർജി അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഒന്നരമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി ആറിനാണ് 83-കാരനായ ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


1960-ലെ റോം ഒളിമ്പിക്സില്‍ മത്സരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനായിരുന്നു പികെ ബാനർജി. ഫ്രഞ്ച് ടീമിനെതിരെ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും ബാനർജിയായിരുന്നു. ഇന്ത്യ ഫുട്ബോൾ ചാമ്പ്യന്മാരായ 1962-ലെ ഏഷ്യന്‍ ഗെയിംസിൽ ഫൈനലിൽ ദക്ഷിണകൊറിയക്കെതിരെ ഇന്ത്യയുടെ ഒരു ഗോൾ നേടിയതും പി കെ ബാനർജിയായിരുന്നു.1956-ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഇന്ത്യ 4-2ന് വിജയിച്ച മത്സരത്തിൽ ബാനർജി നിർണായകമായ പങ്ക് വഹിച്ചിരുന്നു.

ഇന്ത്യൻ ഫുട്ബോളിന് ബാനർജി നൽകിയ സംഭാവനകൾ പരിഗണിച്ച് ഫിഫ ഭരണസമിതി 2004-ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചിരുന്നു. 1961ല്‍ അര്‍ജുന പുരസ്‌കാരവും 1990ല്‍ പദ്മശ്രീ പുരസ്‌കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :