വ്യാജ പാസ്‌പോർട്ടുമായി യാത്ര, മുൻ ബ്രസീലിയൻ താരം റൊണാൾഡീഞ്ഞോ അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 5 മാര്‍ച്ച് 2020 (17:04 IST)
വ്യാജ പാസ്‌പ്പോർട്ടുമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ പരാഗ്വായിൽ കസ്റ്റഡിയിൽ.ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാള്‍ഡീഞ്ഞോ പാരഗ്വായിലെ തലസ്ഥാനനഗരമായ അസുന്‍സിയോണിലെത്തിയത്. അവിടെ നിന്നും താമസസ്ഥലത്തെത്തിയാണ് പരാഗ്വൻ പോലീസ് സൂപ്പർതാരത്തെ അറസ്റ്റ് ചെയ്‌തത്.

പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ട കേസിൽ 2018ൽ റൊണാൾഡീഞ്ഞൊയുടെ ബ്രസീലിയൻ പാസ്‌പോർട്ട് അധികൃതർ റദ്ദാക്കിയിരുന്നു.വൻ പിഴ ഈടാക്കി കേസ് ഒത്തുതീർപ്പാക്കിയെങ്കിലും പിഴയടക്കാത്തതിന്റെ പേരിൽ 2018 നവംബറിൽ റൊണാള്‍ഡീഞ്ഞോയുടെ പാസ്‌പോര്‍ട്ട് ബ്രസീല്‍ റദ്ദാക്കിയിരുന്നു. അറസ്റ്റ് ചെയ്‌തതിനൊപ്പം യാത്രാരേഖകളും പോലീസ് റോണാൾഡീഞ്ഞോയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോയേയും മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.മൂവരും താമസിച്ചിരുന്ന ഹോട്ടൽ പോലീസ് നിരീക്ഷണത്തിൽ തുടരുകയാണ്.

അതേസമയം, താരത്തെയും സഹോദരനെയും അറസ്റ്റ് ചെയ്‌തോയെന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.റൊണാള്‍ഡീഞ്ഞോയും സഹോദരനും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് പാരഗ്വായ് പൊലീസ് അധികൃതരെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :