അഭിറാം മനോഹർ|
Last Modified ചൊവ്വ, 20 ജൂണ്‍ 2023 (16:13 IST)
സൗഹൃദമത്സരം കളിക്കാനുള്ള ലോകചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീന സൗഹൃദമത്സരം കളിച്ചത്. മത്സരത്തിന്റെ ആതിഥേയത്വ ചിലവുകള്‍ കാരണമാണ് ഇന്ത്യ സൗഹൃദമത്സരത്തില്‍ നിന്നും പിന്മാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 12നും 20നും ഇടയില്‍ അര്‍ജന്റീനയ്ക്ക് 2 സൗഹൃദമത്സരങ്ങള്‍ കളിക്കാനുള്ള സ്ലോട്ടുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പിലെ മികച്ച പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യന്‍ ടീമുകളുമായി സൗഹൃദമത്സരം കളിക്കാനാണ് അര്‍ജന്റീന താത്പര്യപ്പെട്ടിരുന്നത്. ഇതിനായി ഇന്ത്യയെയും ബംഗ്ലാദേശിനെയുമാണ് ഇവര്‍ തെരെഞ്ഞെടുത്തത്. പക്ഷേ കളത്തിലിറങ്ങാനായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് 32 മുതല്‍ 40 കോടി രൂപയായിരുന്നു. ഇത് സാധിക്കാതെ വന്നതോടെയാണ് സൗഹൃദമത്സരത്തില്‍ നിന്നും ഇന്ത്യ പിന്മാറിയത്. അര്‍ജന്റീന ആവശ്യപ്പെട്ട തുക വളരെ വലുതാണ്. എഐഎഫ്എഫിന് അത്രയും പണം മുടക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും ഷാജി പ്രഭാകരന്‍ പറഞ്ഞു.