അഭിറാം മനോഹർ|
Last Modified ഞായര്‍, 18 ജൂണ്‍ 2023 (11:03 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയമായതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാവിയെ പറ്റി വലിയ ആശങ്കയാണ് ഉയരുന്നത്. ടീമിലെ ബാറ്റർമാരിൽ അധികവും വിരമിക്കലിന്റെ വക്കിലാണ് എന്നതും ഇവർക്ക് പകരക്കാരായി പുതിയ താരങ്ങളെ കൊണ്ടുവരാനായിട്ടില്ല എന്നതും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി പുതിയ ടീം കെട്ടിപ്പടുക്കണമെന്ന ആവശ്യം ശക്തമാണ്. പ്രധാനമായും 2 യുവതാരങ്ങളെയാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കുന്നത്.
ഐപിഎല്ലിലും ആഭ്യന്തരക്രിക്കറ്റിലും മികവ് തെളിയിച്ച ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്ക്വാഡിനെയും യശ്വസി ജയ്‌സ്വാളിനെയുമാണ് ഇന്ത്യൻ സെലക്ടർമാർ പരിഗണിക്കുന്നത്.വരാനിരിക്കുന്ന വിൻഡീസ് പര്യടനത്തിൽ സീനിയർ താരങ്ങളായ ചേതേശ്വർ പൂജാര,രോഹിത് ശർമ്മ എന്നിവരെ ടീം മാറ്റിനിർത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ വൈകാതെ തന്നെ യുവതാരങ്ങളെ ടെസ്റ്റ് ടീമിലും പരീക്ഷിക്കാൻ സെലക്ടർമാർ തയ്യാറായേക്കും. പുജാരയ്ക്കും രോഹിത്തിനും പുറമെ രഹാനെ, കോലി എന്നീ താരങ്ങളും സമീപഭാവിയിൽ തന്നെ സജീവക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ വരുന്ന 2 വർഷത്തിൽ ടെസ്റ്റ് ടീമിലും വലിയ മാറ്റങ്ങൾ തന്നെ സംഭവിക്കുമെന്ന് ഉറപ്പാണ്.ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാകും പുതിയ മാറ്റങ്ങൾ ഉണ്ടാവുക എന്നാണ് സൂചന.