രേണുക വേണു|
Last Modified ബുധന്‍, 23 നവംബര്‍ 2022 (20:27 IST)
Germany vs Japan,
FIFA World Cup 2022 Match Live Updates :
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ മറ്റൊരു മുന്‍ ചാംപ്യന്‍മാര്‍ക്ക് കൂടി അടിതെറ്റി. ഗ്രൂപ്പ് പോരാട്ടത്തില്‍ ജപ്പാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മനി തോല്‍വി വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ ജര്‍മനിയുടെ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ജര്‍മനി രണ്ട് ഗോളുകള്‍ വഴങ്ങിയത്.
ആദ്യ പകുതിയില്‍ 33-ാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗനിലൂടെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ജര്‍മനി ലീഡ് സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ കഥയാകെ മാറി. ജപ്പാന്റെ വേഗ ഫുട്‌ബോളിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ വമ്പന്‍മാരായ ജര്‍മനി കഷ്ടപ്പെടുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍ കണ്ടത്.
റിറ്റ്‌സു ഡോവനിലൂടെ 75-ാം മിനിറ്റില്‍ ജപ്പാന്‍ ഒപ്പമെത്തി. തുടര്‍ന്നും ആക്രമിച്ചു കളിക്കുകയായിരുന്നു ജപ്പാന്റെ പദ്ധതി. ഒടുവില്‍ 83-ാം മിനിറ്റില്‍ റ്റകുമ അസാനോയുടെ ഗംഭീര ഗോളിലൂടെ ജപ്പാന്‍ രണ്ടാം ഗോളും സ്വന്തമാക്കി. സമനില ഗോളിന് വേണ്ടി ജര്‍മനി അവസാനം വരെ പൊരുതി നോക്കിയെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.