സെപ് ബ്ലാറ്റർ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

സെപ് ബ്ലാറ്റർ , ഫിഫ പ്രസിഡന്റ് , ഫുട്ബോള്‍ , ഫിഫ
സൂറിച്ച്| jibin| Last Updated: ബുധന്‍, 3 ജൂണ്‍ 2015 (08:59 IST)
അഞ്ചാംവട്ടവും പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട അപ്രതീക്ഷിതമായി രാജിവെച്ചു. തന്റെ വിജയം എല്ലാവരുടെയും പിന്തുണയോടെയല്ലെന്നും. ഫിഫയിൽ ഒരു അഴിച്ചു പണി അനിവാര്യമാണെന്നും. ഫുട്ബോളും ഫിഫയുടെ താത്പര്യങ്ങളുമാണ് തനിക്ക് വലുതെന്നും വ്യക്തമാക്കിയ ബ്ലാറ്റർ ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും അറിയിച്ചു. യുറോപ്പിന്റെ എതിർപ്പ് ശക്തമായതോടെയാണ് ബ്ലാറ്റർ രാജിവെച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ വീണ്ടും നിര്‍ബന്ധിതാനാവുകയായിരുന്നു. എന്നാല്‍ സംഘടനയുടെ നല്ലതിന് ഇതാണ് ഉചിതമായ തീരുമാനമെന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു, പക്ഷെ ഫിഫയെ സംബന്ധിച്ച വെല്ലുവിളികള്‍ ഇനിയും ബാക്കിയാണ്. ഫിഫ തെരഞ്ഞെടുപ്പില്‍ എനിക്ക് ഭൂരിപക്ഷം ലഭിച്ചുവെങ്കിലും അത് ഫു്ടബോള്‍ ലോകത്തിന്റെ ഒന്നാകെയുള്ള പിന്തുണയാണെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഫിഫയുടെ അസാധരണ കോണ്‍ഗ്രസ് വിളിച്ച് എന്റെ രാജി പ്രഖ്യാപിക്കുന്നു. പുതിയ ഫിഫ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രസിഡന്റെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വഹിക്കും.

2016 മെയ് 16ന് മെക്സിക്കോയിലാണ് അടുത്ത ഫിഫ കോണ്‍ഗ്രസ് നടക്കേണ്ടതെങ്കിലും അതിനുമുമ്പ് തന്നെ അസാധാരണ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത് എന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. മാറ്റങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ശ്രമിച്ചതെന്നും അതിന് നേരിട്ട പ്രതിബന്ധങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും ബ്ലാറ്റര്‍ രാജിപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. എല്ലാം പ്രശ്നങ്ങളും അവസാനിക്കുമ്പോള്‍ ഫുട്ബോളായിരിക്കണം അന്തിമ വിജയിയെന്നും ബ്ലാറ്റര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്ലാറ്റർ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അലി ഹുസൈനെ പരാജയപ്പെടുത്തിയാണ് സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അഴിമതിക്കുറ്റത്തിന് ഫിഫ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ 14പേര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യൂറോപ്പിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ബ്ലാറ്ററുടെ വിജയം. എന്നാല്‍ ഫിഫ ഉന്നതര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ലോകനേതാക്കള്‍തന്നെ രണ്ടുചേരിയായതോടെ ബ്ലാറ്റര്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാവുകയായിരുന്നു.

ശതകോടികളുടെ അഴിമതി നടത്തിയതിന്, രാജ്യാന്തര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ ഏഴ് ഉന്നതരെ സ്വിറ്റ്സർലൻഡിൽ അറസ്റ്റ് ചെയ്തിരുന്നു. ബ്ലാറ്ററിന്റെ വിശ്വസ്തനായ ഫിഫ വൈസ് പ്രസിഡന്‍റ് ജെഫ്രി വെ‍ബ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ലോകകപ്പ് വേദികൾ നിശ്‌ചയിക്കുന്നതു മുതൽ ടെലിവിഷൻ സംപ്രേഷണാവകാശം അനുവദിക്കുന്നതു വരെ ഫിഫ ഉന്നതർ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ 15 കോടി ഡോളർ (ഏകദേശം 930 കോടി രൂപ) കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് യൂറോപ്പ്യൻ ഫുട്ബാൾ അസോസിയേഷന്റെ (യു.ഇ.എഫ്.എ) 2018ലെ ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള നീക്കമാണ് ബ്ലാറ്ററെ രാജിവയ്‌ക്കാൻ നിർബന്ധിതനാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :