ലിവര്‍പൂളിന്റെ ഏട്ടാം നമ്പര്‍ പടിയിറങ്ങുബോള്‍

ലണ്ടന്‍| ജിബിന്‍ ജോര്‍ജ്| Last Updated: ശനി, 16 മെയ് 2015 (16:32 IST)
എത്ര ശ്രമിച്ചാലും ഞാന്‍ ചിലപ്പോള്‍ കരഞ്ഞു പോയേക്കാം, എന്നാലും ഒരിക്കല്‍ ഞാന്‍ തിരികെ വരും അത് ബൂട്ട് കെട്ടാനാവില്ല മറിച്ച് കളി പഠിപ്പിക്കാനായിരിക്കും ചെങ്കുപ്പായക്കാരുടെ എട്ടാം നമ്പര്‍താരം സ്റ്റീവന്‍ ജെറാഡിന്റെ വാക്കുകളാണ്. പ്ലേമേക്കര്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങിക്കുടാതെ ഷാഡോ സ്‌ട്രൈക്കറായും, പ്രതിരോധക്കാരനായും ലിവര്‍പൂളിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആന്‍ഫീല്‍ഡിന്റെ രാജകുമാരന്റെ വാക്കുകള്‍.

ലിവര്‍പൂള്‍ എന്നാല്‍ സ്‌റ്റീവന്‍ ജെറാഡ് എന്ന് ഫുട്‌ബോള്‍ ലോകം ഉറക്കെ പറഞ്ഞപ്പോഴും വ്യത്യസ്ഥനായ ഒരു നായകനായിരുന്നു അദ്ദേഹം. കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷം ലിവര്‍പൂളിന്റെ വിജയ പരാജയങ്ങള്‍ക്കായി വിയര്‍പ്പൊഴുക്കി. പ്രീമിയര്‍ ലീഗിന്റെ മുഖമായിരുന്നു ജെറാഡ്. തോല്‍‌വികളില്‍ തകരുകയും ജയങ്ങളില്‍ അമിതമായി ആഹ്ലാദം
പ്രകടിപ്പിക്കുകയും ചെയ്യുന്നതായിരുന്നില്ല ഈ എട്ടാം നമ്പര്‍. മിക്കപ്പോഴും ടീമിനെ തോല്‍വിയുടെ വക്കില്‍ നിന്ന് ജയത്തിലേക്ക് നയിച്ചു. തിങ്ങി നിറഞ്ഞ ഗ്യാലറിയില്‍ ആരാധകര്‍ അലറി വിളിക്കുബോള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു തന്നില്‍ നിന്ന് എന്താണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന്. ടീമിന്റെ ഒരു ക്യാപ്റ്റന്‍ മാത്രമായിരുന്നില്ല ജെറാഡ്, സഹ കളിക്കാര്‍ക്ക് മുഴുവന്‍ പ്രചോദനം കൂടി ആയിരുന്നു ആ സാന്നിധ്യം. അവരെ കളിക്കാനും കളിപ്പിക്കാനും അദ്ദേഹം പഠിപ്പിച്ചു. അപ്രതീക്ഷിതമായ പാസുകളിലൂടെ പന്ത് എത്തിച്ച് നല്‍കി അവരെ ഗോളടിപ്പിച്ചു. ഗോള്‍ നേടിയാല്‍ മൈതാനത്തിന്റെ മൂലയിലേക്ക് ഒഴികിയെത്തും ആരാധകര്‍ക്കായി അലറി വിളിക്കും അതെക്കെയായിരുന്നു ജെറാഡ്.

ഫുട്ബോളിന്റെ ഒരു തലത്തില്‍ മാത്രമായി ഒരിക്കലും ജെറാഡ് ഒതുങ്ങു നിന്നില്ല. പ്ലേമേക്കറായി ചിലപ്പോള്‍ കളം നിറയും മറ്റ് ചിലപ്പോള്‍ വേഗതയും, കര്‍വും സമന്വയിപ്പിച്ച ഫ്രീകിക്കുകളും, ലോംഗ് റേഞ്ച് ഷോട്ടുകളുമെടുത്ത് കളം നിറയും. എല്ലാ നീക്കങ്ങളിലും അതിമനോഹരമായ ഒരു വശ്യസൌന്ദര്യമുണ്ടായിരുന്നു എന്നതാണ് ജെറാഡിനെ മറ്റുള്ളവരില്‍ നിന്ന് വേടിട്ട് നിര്‍ത്തിയത്.
എതിരാളികളുടെ നീക്കങ്ങള്‍ വളരെവേഗം മനസിലാക്കുന്നതില്‍ അതിയായ മിടുക്ക് കാണിക്കുന്ന ജെറാഡ് സഹതാരങ്ങളെ ഗോളടിപ്പിക്കുന്നതില്‍ മിടുക്കനുമായിരുന്നു. വരുന്ന കാലത്ത് ആ പൊസിഷനില്‍ പകരക്കാരന്‍ എത്തുകതന്നെ ചെയ്യും. എന്നാല്‍ ജെറാഡ് എന്ന് ശൂന്യത എന്നും അവിടെ നിഴലിച്ച് നില്‍ക്കും.


ലിവര്‍പൂളിന്റെ നേട്ടത്തിലും, തകര്‍ച്ചയിലും എന്നും സ്റ്റീവന്‍ ജെറാഡ് എന്ന അതികായന്റെ സാന്നിധ്യമുണ്ടായിരുന്നു. കോടികള്‍ പൊടിയുന്ന യൂറോപ്യന്‍ താരവിപണിയില്‍ വില കൂടിയ താരമാകാന്‍ മാടിവിളിച്ചപ്പോഴും അത് സന്തോഷപൂര്‍വ്വം നിരസിക്കുന്നതില്‍ ജെറാഡ് ശ്രദ്ധകാണിച്ചു. എന്നും മനസില്‍ ലിവര്‍പൂളും ആന്‍ഫീല്‍ഡ് മൈതാനവുമായിരുന്നു. തന്റെ വിയര്‍പ്പ് വീണ് നനഞ്ഞ പുല്‍മൈതാനി, ഫുട്ബോളിന്റെ നല്ലകാലം മുഴുവന്‍ ആടിത്തകര്‍ത്ത ആന്‍ഫീല്‍ഡും വിടാന്‍ ജെറാഡ് ഒരിക്കലും താല്‍പ്പര്യം കാണിച്ചില്ല. എട്ടാം വയസ്സുമുതല്‍ 27 വര്‍ഷക്കാലം
ലിവര്‍പൂളിനായി ബൂട്ടുക്കെട്ടി. 1987ല്‍ ലിവര്‍പൂളിന്റെ യൂത്ത് അക്കാഡമിയിലെത്തിയ അദ്ദേഹം 1998ല്‍ ലിവര്‍പൂള്‍ സീനിയര്‍ ടീമിലുമെത്തി. പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ കരുത്തന്. 700ലധികം മത്സരങ്ങളില്‍ ചെങ്കുപ്പായം (183 ഗോളുകള്‍) അണിഞ്ഞു. അതിനിടെ ഇംഗ്ലീഷ് ദേശിയ ടീമിലേക്ക് എത്തുകയും ചെയ്തു. പക്ഷേ, 12 വര്‍ഷം റെഡ്‌സിന്റെ ക്യാപ്റ്റനായിട്ടും പ്രീമിയര്‍ ലീഗ് കിരീടമെന്നൊരു കിട്ടാക്കനിയുണ്ട് ജെറാഡിന്. ഒരു പക്ഷെ ആ കളിക്കാരന്റെ ക്ലബ് കരിയറിലെ ഏക പോരായ്മയും അതുതന്നെയാകും. ക്ലിബിന്റെ പടിയിറങ്ങുബോള്‍ മനസില്‍ പിടയുന്ന ഏക വേദനയും ഇതു തന്നെയാകും.


തന്റെ കരിയറില്‍ ഒരു മാറ്റം വേണമെന്ന് വ്യക്തമായ തോന്നല്‍ ഉണ്ടായതോടെയാണ് വമ്പന്‍ ക്ലബുകളുടെ ഓഫറുകള്‍ വിട്ട് യുഎസില്‍ ലൊസാഞ്ചത്സ് ഗാലക്‍സിക്കു വേണ്ടി കളിക്കാന്‍ ഒന്നരവര്‍ഷക്കാലത്തെ കരാറിലേര്‍പ്പെട്ടതോടെയാണ് ലിവര്‍പൂളിന്റെ പടിയിറങ്ങുന്നത്. സൂപ്പര്‍ താരം ഫ്രാങ്ക് ലമ്പാര്‍ഡ് ഉള്‍പ്പടെ പഴയ പടക്കുതിരകള്‍ ജെറാഡിന് കൂട്ടായി അവിടെ ഉണ്ടാകുമെങ്കിലും താന്‍ ഒഴിഞ്ഞു പോകുന്ന എട്ടാം നമ്പര്‍ ലിവര്‍പൂളില്‍ എന്നും ശൂന്യമായി തന്നെ കിടക്കുമെന്ന് അദ്ദേഹത്തിന് നല്ലതുപോലെ അറിയാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :