ഇവാന് പിന്നാലെ മജീഷ്യൻ ലൂണയും ബ്ലാസ്റ്റേഴ്സ് വിട്ടേക്കും, വലവിരിച്ച് എഫ് സി ഗോവ

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ഏപ്രില്‍ 2024 (16:49 IST)
ഇവാന്‍ വുകാമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കൂടുതല്‍ താരങ്ങള്‍ പുറത്തുപോകാന്‍ സാധ്യത. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായിരുന്ന ഇവാനാണ് ടീമിന് പുതുജീവന്‍ നല്‍കിയത്. തുടര്‍ച്ചയായ തോല്‍വികള്‍ കൊണ്ട് ആരാധകര്‍ കൈവിട്ട ടീമിനെ തിരികെ വീണ്ടും ആരാധകരുടെ മനസിലെത്തിക്കാന്‍ ഇവാനും പിള്ളേര്‍ക്കും സാധിച്ചിരുന്നു. ഇവാന്‍ പോകുന്നതോടെ ഇവാന്റെ സിസ്റ്റത്തില്‍ കളിച്ചിരുന്ന പല താരങ്ങളും ക്ലബ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ടീമിലെ പ്രധാന ഫോര്‍വേഡായ ദിമി അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്സ്സില്‍ കാണില്ലെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ ബ്ലാസ്‌റ്റേഴ്‌സ് നായകനായ അഡ്രിയാന്‍ ലൂണയും ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലൂണയെ റാഞ്ചാനായി ഐഎസ്എല്‍ ക്ലബായ എഫ് സി ഗോവ രംഗത്തുണ്ട്. ലൂണയ്ക്ക് പുറമെ മുംബൈ സിറ്റിയില്‍ നിന്നും പെരേര ഡയസിനെയും അവര്‍ നോട്ടമിടുന്നുണ്ട്. ഇവാന്റെ നേതൃത്വത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലിലെത്തിയപ്പോള്‍ അതിന് മുഖ്യപങ്ക് വഹിച്ചത് ലൂണ ഡയസ് സഖ്യമായിരുന്നു.

ഈ സീസണ്‍ അവസാനിക്കുന്നത് വരെയാണ് ലൂണയ്ക്ക് ക്ലബുമായി കരാറുള്ളത്. ഇത് പുതുക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. ക്ലബ് വിട്ടുപോകാനാണ് ലൂണയുടെ തീരുമാനമെങ്കില്‍ വലിയ തിരിച്ചടിയാകും അത് ബ്ലാസ്‌റ്റേഴ്‌സിനുണ്ടാക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :