ജയിച്ചാൽ സെമി, ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണായക മത്സരം, ലൂണ കളിക്കുമെന്ന് ഇവാൻ

Adrian Luna,KBFC
അഭിറാം മനോഹർ| Last Modified വെള്ളി, 19 ഏപ്രില്‍ 2024 (14:54 IST)
ഐഎസ്എല്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. കേരള ബ്ലാസ്‌റ്റേഴ്‌സും ആതിഥേയരായ ഒഡീഷ എഫ് സിയുമായാണ് ആദ്യ പോരാട്ടം. കലിംഗ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7:30നാണ് കിക്കോഫ്. ഒറ്റ പാദം മാത്രമായാണ് പ്ലേ ഓഫ് എന്നതിനാല്‍ ഇന്ന് ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. സെമിയില്‍ മോഹന്‍ ബഗാനെയാകും ഈ മത്സരത്തിലെ വിജയി നേരിടേണ്ടി വരിക.

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ലീഗ് പോരാട്ടം വിജയത്തോടെ അവസാനിപ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. പരിക്ക് മാറി നായകന്‍ അഡ്രിയാന്‍ ലൂണ തിരികെയെത്തുന്നത് കൊമ്പന്മാര്‍ക്ക് ആശ്വാസം നല്‍കുന്നതാണെങ്കിലും ടീമിനെ പരിക്ക് വലയ്ക്കുന്നുണ്ട്. സ്ട്രൈക്കർ ദിമിതിയോസ് ഡയമന്റകോസ് ഇന്നിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അസുഖം ബാധിച്ച പ്രബീര്‍ ദാസും സസ്‌പെന്‍ഷന്‍ കിട്ടിയ നവോച സിങ്ങും ഇല്ലാതെയാകും ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക.

അതേസമയം ഹോം ഗ്രൗണ്ടില്‍ മികച്ച റെക്കോര്‍ഡാണ് ഒഡീഷയ്ക്കുള്ളത്. പ്രധാനതാരങ്ങള്‍ക്കാര്‍ക്കും തന്നെ പരിക്കില്ല എന്നതും ഒഡീഷയെ കരുത്തരാക്കുന്നു. എങ്കിലും വിജയം മാത്രം ലക്ഷ്യമിട്ട് കളി പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കൊമ്പന്മാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :