രക്ഷകനും വില്ലനും നീ തന്നെ, നൊമ്പരമായി മൊറാട്ട

അഭിറാം മനോഹർ| Last Updated: ബുധന്‍, 7 ജൂലൈ 2021 (12:44 IST)
മൈതാനത്ത് 120 മിനിറ്റും അസാമാന്യമായ പോരാട്ടവീര്യം പുറത്തെടുത്തുവെങ്കിലും ഇറ്റാലിയൻ പടയുടെ മുന്നിൽ തോറ്റുകൊണ്ടാണ് ഇത്തവണ മടങ്ങുന്നത്. റാമോസും,പി‌ക്വെയും,ഇനിയേസ്റ്റയും സാവിയും കാസിയസും അടങ്ങുന്ന സുവർണ തലമുറ സ്പെയിൻ ഫുട്‌ബോളിൽ നിന്നും വിരമിച്ചെങ്കിലും ശോഭനമായ ടീമിന്റെ ഭാവിയെയാണ് സെമി പോരാട്ടത്തിൽ ഇറ്റലിക്കെതിരെ കാണാനായത്.

ആദ്യ പകുതിയിൽ ഇറ്റലിയെ നിരന്തരം പരീക്ഷിച്ച സ്പെയിനിന് ഭാഗ്യം അകന്ന് നിൽക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിലേക്കും തുടർന്ന് പെനാൽറ്റിയിലേക്കും നീണ്ട മത്സരത്തിൽ കാളക്കൂറ്റന്മാർ വിജയം കൈവിട്ടത് അവസാനനിമിഷം മാത്രം. 60ആം മിനുട്ടിൽ ഇറ്റലി ആദ്യ ഗോൾ നേടി ലീഡ് എടുത്തുവെങ്കിലും 80-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ മൊറാട്ടയിലൂടെ സ്പെയിൻ കളിയിലേക്ക് തിരിച്ചെത്തി.

പെഡ്രിയും ആൽവാരോ മൊറാട്ടയും ഡാനി ഓൽമയും പെഡ്രിയുമടക്കമുള്ള യുവതാരങ്ങൾ ആവേശകരമായ പോരാട്ടമാണ് മത്സരത്തിൽ കാഴ്‌ച്ചവെച്ചത്. മനോഹരമായി പോരാടിയ ഓൽമയിൽ നിന്നും പാസ് സ്വീകരിച്ചുകൊണ്ടായിരുന്നു മൊറാട്ടയുടെ മറുപടി ഗോൾ. മത്സരം പക്ഷേ എക്‌സ്ട്രാ ടൈം കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ സ്പെയിനിന്റെ രക്ഷകരായെത്തിയ രണ്ട് താരങ്ങൾക്കും പിഴച്ചു.

ഇറ്റലിയുടെ ആദ്യ കിക്കെടുത്ത ലോക്കടെല്ലിക്ക് പിഴച്ചു.കളിയിൽ ആധിപത്യം സ്ഥാപിക്കാമായിരുന്ന സ്പെയിനിനായി ആദ്യ ഷോട്ട് എടുത്തത് ഡാനി ഓ‌ൽമ. ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. രണ്ടാമത് വന്ന ബെലോറ്റിക്കും മൊറേനൊയ്ക്കും പിഴച്ചില്ല. മൂന്നാം കിക്കെടുത്ത ബൊനൂച്ചിയും അനായാസം ലക്ഷ്യം കണ്ടു. തിയാഗോയും സ്‌പെയ്‌നിന് പ്രതീക്ഷ നല്‍കി. നാലാം കിക്കെടുത്ത ബെര്‍ണാഡേഷി ഇറ്റലിക്ക് 3-2ന്റെ ലീഡ് നല്‍കി. എന്നാല്‍ നിർണായകമായ കിക്കെടുക്കാനെത്തിയ മൊറാട്ടയ്ക്ക് പിഴച്ചു. ഇറ്റലിക്കായി അവസാന കിക്ക് എടുക്കാനെത്തിയ ജോര്‍ജിന്യോ ലക്ഷ്യത്തിലെത്തിച്ചതോടെ(4-2) ഇറ്റലിയുടെ ജയം പൂര്‍ണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :