ലാ ലിഗാ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് വിജയം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (12:51 IST)
ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ ഒന്നാം സ്ഥാനത്ത്.മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡിന്റെ വിജയം.റയലിനായി 71മത് മിനിറ്റില്‍ വിനിഷ്യസ് ജൂനിയറും ഇഞ്ചുറി ടൈമില്‍ മരിയാനോയുമാണ് സ്‌കോര്‍ ചെയ്തത്.

ജയത്തോടെ റയലിന് 26 കളിയില്‍ 56 പോയന്റായി. ബാഴ്‌സലോണക്ക് 55 പോയിന്റുകളാണുള്ളത്.സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ റയലിനായിരുന്നു മേല്‍ക്കൈ. ആക്രമണത്തില്‍ മുന്നിട്ടുനിന്ന റയലിനെതിരെ ഗോള്‍ നേടാന്‍ മെസ്സി ഉള്‍പ്പെടെയുള്ള ബാഴ്‌സ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. എൽ ക്ലാസിക്കോയിൽ വിജയം നേടാനായത് റയലിന്റെ കിരീടപ്പോരാട്ടത്തിന് കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ ഇരു ടീമുകളും രഹിത സമനിലയിൽ പിരിഞ്ഞിരുന്നു.

2014ന് ശേഷം ഇതാദ്യമായാണ് റയൽ സ്വന്തം മൈതാനത്ത് എൽ ക്ലാസിക്കോ മത്സരത്തിൽ ജയിക്കുന്നത്. ഒരു ലാലിഗ എൽ ക്ലാസിക്കോമത്സരത്തിൽ ജയിക്കുന്നത് 2016 ഏപ്രിലിന് ശേഷവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :