അഞ്ചടിച്ച് ബാഴ്സ കോപ്പ ഡെൽ റേ ക്വാർട്ടറിൽ, മെസ്സിക്ക് ചരിത്ര നേട്ടം!!

അഭിറാം മനോഹർ| Last Updated: വെള്ളി, 31 ജനുവരി 2020 (12:33 IST)
ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്ത് സ്പാനിഷ് ഭീമന്മാരായ കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

നാലാം മിനിറ്റിൽ ആന്റോയിൻ ഗ്രീസ്‌മാനാണ് ബാഴ്സയുടെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. 27ആം മിനിറ്റിൽ ക്ലെമെന്റ് ലെഗ്ലെറും ഗോൾ ഉയർത്തിയതോടെ ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് ബാഴ്സക്ക് ലഭിച്ചു. മത്സരത്തിന്റെ 59മത് മിനിറ്റിലാണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. പകരക്കാരനായിറങ്ങിയ ആർതർ 77ആം മിനുറ്റിൽ ബാഴ്സക്കായി ഗോൾ കണ്ടെത്തി. 89ആം മിനിറ്റിലാണ് മെസ്സി മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയത്.

മത്സരത്തിൽ ഇരട്ടഗോളുകളോടെ തിളങ്ങിയ മെസ്സി ബാഴ്സക്കൊപ്പം 500 വിജയങ്ങളെന്ന നാഴികകല്ലും മത്സരത്തിൽ പിന്നിട്ടു. 710 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 500 ജയങ്ങള്‍ നേടിയത്. ഇതോടെ സ്പാനിഷ് ഫുട്ബോള്‍ ചരിത്രത്തില്‍ 500 ജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടം മെസ്സി സ്വന്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ വലൻസിയയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബാഴ്സ പരാജയപ്പെട്ടിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :