പരിക്കും നിർഭാഗ്യവും ഇല്ലാതാക്കിയ കരിയർ, ഏദൻ ഹസാർഡ് വിരമിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (16:55 IST)
ഫുട്‌ബോളിലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായ ബെല്‍ജിയത്തിന്റെ ഏദന്‍ ഹസാര്‍ഡ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ഇംഗ്ലീഷ് ക്ലബായ ചെല്‍സിയില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഹസാര്‍ഡ് ഫുട്‌ബോള്‍ ലോകത്തെ എണ്ണം പറഞ്ഞ കളിക്കാരനായിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയതിന് പിന്നാലെ തുടര്‍ച്ചയായുണ്ടായ പരിക്കുകള്‍ താരത്തെ നിരന്തരം വേട്ടയാടുകയായിരുന്നു. തന്റെ 32മത് വയസ്സിലാണ് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

ചെല്‍സിയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്ന ഹസാര്‍ഡിനെ 2019ലാണ് സ്പാനിഷ് ഭീമനായ റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. 54 ലീഗ് മത്സരങ്ങളിലടക്കം ആകെ 76 മത്സരങ്ങളില്‍ മാത്രമാണ് സ്പാനിഷ് ടീമിനായി താരം ബൂട്ട് കെട്ടിയത്. കഴിഞ്ഞ ജൂണില്‍ താരവുമായുള്ള കരാര്‍ ക്ലബ് അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന ലോകകപ്പിന് പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും ഹസാര്‍ഡ് വിരമിച്ചിരുന്നു. ബെല്‍ജിയം ഖത്തര്‍ ലോകകപ്പ്ന്റ്‌റെ ഗ്രൂപ്പ് സ്‌റ്റേജില്‍ തന്നെ പുറത്തായതിന് പിന്നാലെയായിരുന്നു വിരമിക്കല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :