ഗോട്ട് വന്നു, ഒപ്പം കിരീടവും: ചരിത്രത്തിലാദ്യമായി ലീഗ് കിരീടം സ്വന്തമാക്കി ഇന്റര്‍ മയാമി

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഓഗസ്റ്റ് 2023 (11:16 IST)
ഇന്റര്‍ മയാമിയെ ചരിത്രത്തിലെ ആദ്യ കിരീടവിജയത്തിലേക്ക് നയിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലീഗ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ഇന്റര്‍ മയാമി തങ്ങളുടെ കന്നി ലീഗ് കിരീടം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ 9-10നായിരുന്നു മയാമിയുടെ വിജയം. മയാമിയുടെ ആദ്യ കിരീടനേട്ടമായിരുന്നുവെങ്കിലും ലയണല്‍ മെസ്സി കരിയറില്‍ നേടുന്ന നാല്‍പ്പത്തിനാലാം കിരീടമാണിത്.

മത്സരത്തിന്റെ 23മത് മിനിട്ടില്‍ തന്നെ മെസ്സി ഇടം കാലന്‍ ലോംഗ് റെയ്ഞ്ചറിലൂടെ മയാമിയെ മുന്നിലെത്തിച്ചു. എന്നാല്‍ അതിന് ശേഷം ആദ്യപകുതിയില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. രണ്ടാം പകുതിയില്‍ നാഷ് വില്ലെ ശക്തമായി തിരികെ വരികയും തങ്ങളുടെ സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു. അതിന് ശേഷം ലഭിച്ച അവസരങ്ങള്‍ ഇരുടീമുകള്‍ക്കും മുതലാക്കാനായില്ല.നിശ്ചിതസമയത്ത് മത്സരം 11 എന്ന നിലയില്‍ തുടര്‍ന്നതോടെ മത്സരം ഷൂട്ടൗട്ടില്‍ എത്തുകയായിരുന്നു. 11 കിക്കുകളാണ് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ എടുത്തത്. അതില്‍ നാഷ്‌വില്ലെ ഗോള്‍ കീപ്പര്‍ എടുത്ത അവസാന കിക്ക് ഇന്റര്‍മയാമി ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയതോടെ മയാമി തങ്ങളുടെ ആദ്യ ലീഗ് കിരീടനേട്ടം സ്വന്തമാക്കി.

ലയണല്‍ മെസ്സി എത്തിയതിന് ശേഷം തുടര്‍ച്ചയായി നേടിയ വിജയങ്ങളാണ് ഇന്റര്‍ മയാമിയെ ലീഗ് ഫൈനലില്‍ എത്തുന്നതില്‍ സഹായിച്ചത്. ഫൈനല്‍ മത്സരത്തിലും നിറഞ്ഞ് കളിച്ച മെസ്സി തന്നെയാണ് ഇന്റര്‍ മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടനേട്ടം സമ്മാനിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :