കളി ടി20 ലീഗുകളിൽ കേന്ദ്രീകരിക്കാൻ തീരുമാനം, 24 വയസ്സിൽ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് നവീൻ ഉൾ ഹഖ്

അഭിറാം മനോഹർ| Last Modified വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (13:21 IST)
ഏകദിന ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍ പേസറായ നവീന്‍ ഉള്‍ ഹഖ്. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് നവീന്‍ വ്യക്തമാക്കി. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ നവീന്‍ കളിച്ചിരുന്നില്ല. തുടര്‍ന്ന് താരം ഇംഗ്ലണ്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഏകദിന ക്രിക്കറ്റ് മതിയാക്കുന്നതെന്ന് താരം ക്രിക് ബസിനോട് പറഞ്ഞു.

ടി20 ക്രിക്കറ്റിലായിരിക്കും നവീന്‍ ഇനി മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കരിയര്‍ നീട്ടിയെടുക്കാന്‍ ഏകദിനക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും ഏകദിനലോകകപ്പില്‍ കായികക്ഷമത തെളിയിക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് കരുതുന്നതായും നവീന്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് താരമായിരുന്ന നവീന്‍ ഉള്‍ ഹഖ് ആര്‍സിബിക്കെതിരായ പോരാട്ടത്തിനിടെ വിരാട് കോലിയുമായി കോര്‍ത്തത് അന്ന് വലിയ വിവാദമായിരുന്നു. വിഷയത്തില്‍ ലഖ്‌നൗ പരിശീലകനായ ഗൗതം ഗംഭീര്‍ കൂടി ഇടപ്പെട്ടതോടെ അത് ഗംഭീര്‍ കോലി തര്‍ക്കമായി പിന്നീട് മാറിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :