രേണുക വേണു|
Last Modified ചൊവ്വ, 10 ജൂണ്‍ 2025 (11:47 IST)
Cristiano Ronaldo vs Lionel Messi: സ്‌പെയിനിനെ തോല്‍പ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യുവേഫ നാഷന്‍സ് ലീഗ് കിരീടം ചൂടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും 'ഗോട്ട്' ചര്‍ച്ചകള്‍ സജീവം. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി ലോകകപ്പ് നേടിയതിനു പിന്നാലെ വിരാമമിട്ട 'ആരാണ് കേമന്‍' വാദപ്രതിവാദങ്ങള്‍ക്കു വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നേടിയ രാജ്യാന്തര കിരീടങ്ങളുടെ എണ്ണം പറഞ്ഞാണ് 'ഗോട്ട്' ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുന്നത്.
പോര്‍ച്ചുഗല്‍ രണ്ടാം തവണയാണ് യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിടുന്നത്. ഈ രണ്ട് കിരീട നേട്ടങ്ങളിലും റൊണാള്‍ഡോ ഭാഗമാണ്. 2016 ല്‍ പോര്‍ച്ചുഗല്‍ യൂറോ കപ്പിലും ജേതാക്കളായിട്ടുണ്ട്. ഇത് മൂന്നുമാണ് റൊണാള്‍ഡോയുടെ രാജ്യാന്തര കിരീടങ്ങള്‍.
മറുവശത്ത് ലയണല്‍ മെസി രാജ്യാന്തര കിരീടങ്ങളില്‍ റൊണാള്‍ഡോയേക്കാള്‍ മുന്നിലാണ്. 2021, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക അര്‍ജന്റീന ജയിക്കുമ്പോള്‍ മെസിയാണ് നായകന്‍. മാത്രമല്ല 2022 ഫിഫ വേള്‍ഡ് കപ്പ് അര്‍ജന്റീനയ്ക്കു നേടികൊടുത്തതിലും മെസിക്ക് നിര്‍ണായക പങ്കുണ്ട്. കോപ്പ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ജേതാക്കളും തമ്മില്‍ നടന്ന ഫൈനലിസിമ കിരീടവും മെസിയുടെ കീഴില്‍ അര്‍ജന്റീന ജയിച്ചിട്ടുണ്ട്. ഫൈനലിസിമ അടക്കം നാല് രാജ്യാന്തര കിരീടങ്ങളാണ് മെസിക്കുള്ളത്. മാത്രമല്ല 2008 ല്‍ അര്‍ജന്റീന ഒളിംപിക്‌സ് ഫുട്‌ബോളില്‍ ജേതാക്കളായപ്പോള്‍ മെസി ടീമില്‍ ഉണ്ടായിരുന്നു.
അതേസമയം ഇരുവരുടെയും രാജ്യാന്തര തലത്തിലുള്ള പ്രകടനങ്ങള്‍ പരിഗണിച്ചാല്‍ റൊണാള്‍ഡോയാണ് മുന്നില്‍. പോര്‍ച്ചുഗലിനായി 222 മത്സരങ്ങളില്‍ നിന്ന് 138 ഗോളുകളാണ് റൊണാള്‍ഡോയ്ക്കുള്ളത്. 183 മത്സരങ്ങളില്‍ നിന്ന് 112 ഇന്റര്‍നാഷണല്‍ ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ റൊണാള്‍ഡോയുടെ ഗോള്‍ ശരാശരി 0.62 ആണെങ്കില്‍ മെസിയുടേത് 0.61 ആണ്. കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, വമ്പന്‍ ടീമുകള്‍ക്കെതിരായി നേടിയ ഗോളുകള്‍, ഫിഫ നോക്ക്ഔട്ട് മത്സരങ്ങളിലെ ഗോളുകള്‍, ഫിഫ ടൂര്‍ണമെന്റുകളിലെ മികച്ച താരം എന്നിവയില്‍ റൊണാള്‍ഡോയേക്കാള്‍ കേമന്‍ മെസിയാണ്.