രേണുക വേണു|
Last Modified വെള്ളി, 14 നവംബര്‍ 2025 (10:43 IST)
Cristiano Ronaldo: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യാന്തര കരിയറില്‍ ആദ്യമായി ചുവപ്പ് കാര്‍ഡ് വഴങ്ങി. ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ടു മടങ്ങിയത്. മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തോല്‍ക്കുകയും ചെയ്തു.
അയര്‍ലന്‍ഡ് ഡിഫന്‍ഡര്‍ ഡാറ ഓഷ്യയെ ഫൗള്‍ ചെയ്തതിനാണു റൊണാള്‍ഡോയ്ക്കു റെഡ് കാര്‍ഡ്. മത്സരം 60 മിനിറ്റ് പൂര്‍ത്തിയായപ്പോഴാണ് സംഭവം. അയര്‍ലന്‍ഡ് താരത്തെ റൊണാള്‍ഡോ കൈമുട്ട് കൊണ്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. സ്വീഡിഷ് റഫറി ഗ്ലെന്‍ നൈബര്‍ഗ് ആദ്യം മഞ്ഞ കാര്‍ഡാണ് റൊണാള്‍ഡോയ്ക്കു ചുമത്തിയത്. എന്നാല്‍ വാര്‍ പരിശോധനയിലൂടെ റെഡ് കാര്‍ഡാക്കി.
അയര്‍ലന്‍ഡ് താരങ്ങളുടെ ആവശ്യപ്രകാരമാണ് റഫറി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചത്. റൊണാള്‍ഡോ കൈമുട്ട് കൊണ്ട് ഓഷ്യയെ ഇടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ യെല്ലോ കാര്‍ഡ് റെഡ് കാര്‍ഡാക്കുകയും റൊണാള്‍ഡോയ്ക്കു കളംവിടുകയും ചെയ്യേണ്ടിവന്നു.
യെല്ലോ കാര്‍ഡ് ലഭിച്ചപ്പോള്‍ അയര്‍ലന്‍ഡ് ആരാധകര്‍ ഗാലറിയില്‍ ഇരുന്ന് റെഡ് കാര്‍ഡിനായി മുറവിളി കൂട്ടിയിരുന്നു. ഈ സമയത്ത് 'നിങ്ങള്‍ കരയൂ' എന്ന തരത്തില്‍ ആംഗ്യം കാണിച്ച് റൊണാള്‍ഡോ കാണികളെ പരിഹസിച്ചു. തൊട്ടുപിന്നാലെ റെഡ് കാര്‍ഡ് കണ്ടു മടങ്ങുന്ന സമയത്ത് ഇതേ ആംഗ്യം കാണിച്ചാണ് അയര്‍ലന്‍ഡ് ആരാധകര്‍ റൊണാള്‍ഡോയ്ക്കു യാത്രയയപ്പ് നല്‍കിയത്.
ആദ്യമായാണ് രാജ്യാന്തര ഫുട്‌ബോളില്‍ റൊണാള്‍ഡോയ്ക്കു റെഡ് കാര്‍ഡ് ലഭിക്കുന്നത്. റെഡ് കാര്‍ഡ് ലഭിച്ചതിനാല്‍ ലോകകപ്പ് യോഗ്യത റൗണ്ടിലെ അര്‍മേനിയയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ കളിക്കില്ല.