മാഡ്രിഡ്|
jibin|
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (14:52 IST)
റയല്‍ മാഡ്രിഡ് വിടുന്നതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താല്‍പ്പര്യം കാണിക്കുന്നതായി റിപ്പോര്‍ട്ട്. ഏഴുവര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാന്‍ പോര്‍ച്ചുഗല്‍ താരം ആഗ്രഹിക്കുന്നതായിട്ടാണ് അറിയുന്നത്. പഴയ തട്ടകമായ
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകാനാണ് ക്രിസ്റ്റ്യാനോ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതെന്നാണ് അറിയുന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പരന്നതോടെ യുണൈറ്റഡിന് പുറമെ ഫ്രഞ്ച് ലീഗിലെ പണക്കാരായ പാരീസ് സെന്റ് ജെര്‍മെയ്‌നും താരത്തിനെ കൂടാരത്തില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയതായിട്ടാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 90 മില്യണ്‍ യൂറോയാണ് ഏകദേശം (700 കോടിയോളം ഇന്ത്യന്‍ രൂപ) റയലിന്റെ കരുത്തായ ക്രിസ്റ്റ്യനോയ്‌ക്ക് സെന്റ് ജെര്‍മെയ്‌നും യുണൈറ്റഡും വിലയിട്ടിരിക്കുന്നത്.
അതേസമയം, ക്രിസ്റ്റ്യനോയെ പാളയത്തില്‍ തന്നെ നിലനിര്‍ത്താന്‍ തന്നെയാണ് റയല്‍ മാഡ്രിഡ് അധികൃതര്‍ ശ്രമിക്കുന്നത്. റയലില്‍ തുടരാതിരിക്കാന്‍ കാരണം എന്താണെന്നാണ് അന്വേഷിക്കുമെന്ന് റയല്‍ മാനേജ്‌മെന്റ് വ്യക്തമാക്കുന്നുണ്ട്. റയലില്‍ തുടരാന്‍ എന്താണ് ക്രിസ്റ്റ്യനോയുടെ പ്രശ്‌നമെന്ന അന്വേഷണത്തിലാണ് റയല്‍ മാനേജ്‌മെന്റ്. പ്രശ്‌നം കണ്ടെത്തി പരിഹരിക്കാന്‍ ക്ലബ് പ്രസിഡന്റ് ഫ് ളോറന്റീനോ പെരസ് കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. രണ്ടുവട്ടം ലോകഫുട്‌ബോളറായ ക്രിസ്റ്റ്യാനൊ സ്പാനിഷ് ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ റയയിലെത്തിച്ചിരുന്നു.