വിരമിക്കല്‍ തീരുമാനം മെസി പുനപരിശോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്!

സമ്മര്‍ദ്ദമാണ് മെസിയെ ഈ തീരുമാനം എടുപ്പിച്ചത്

കോപ്പ അമേരിക്ക , അര്‍ജന്റീന , ലയണല്‍ മെസി , ചിലി
ന്യൂയോര്‍ക്ക്| jibin| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (18:07 IST)
കോപ്പ അമേരിക്കയിലെ അപ്രതീക്ഷിത തോല്‍‌വിയില്‍ മനംനൊന്ത് അര്‍ജന്റീനന്‍ ടീമില്‍ നിന്ന് വിരമിച്ച സൂപ്പര്‍ താരം ലയണല്‍ മെസി തീരുമാനം പുനപരിശോധിക്കുമെന്ന് റിപ്പോര്‍ട്ട്. തോല്‍‌വിക്ക് പിന്നാലെയുണ്ടായ അതിസമ്മര്‍ദ്ദമാണ് അദ്ദേഹത്തെ ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ കഴിഞ്ഞ കോപ്പ അമേരിക്കയില്‍ തോറ്റതും, ഏറെ പ്രതീക്ഷയോടെ എത്തിയ ശദാബ്ദി ടൂര്‍ണമെന്റിലെ തോല്‍‌വിയുമാണ് മെസിയെ അതിവൈകാരികമായ തീരുമാനം പെട്ടെന്ന് എടുക്കാന്‍
പ്രേരിപ്പിച്ചത്.

തോല്‍‌വി നേരിട്ടതോടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമെന്നതും രാജ്യത്തിനായി കപ്പ് നേടാത്തവന്‍ എന്ന ചീത്തപ്പേരും വീണ്ടും ഉയരുമെന്ന് വ്യക്തമായതോടെയാണ് മെസി ദേശീയ ടീമില്‍ നിന്ന് ബൂട്ട് അഴിക്കാന്‍ പ്രേരിപ്പിച്ചത്. മെസി വിരമിക്കല്‍ തീരുമാനം എടുത്തതിന് പിന്നാലെ സെര്‍ജിയോ അഗ്യൂറോയും മഷരാനോയും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ അര്‍ജന്റീന ടീം നാശത്തിലേക്ക് പോയേക്കാമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ പറയുന്നത്.

ടീം കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങാതിരിക്കാന്‍ മെസി തിരികെ എത്തണമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. അല്ലാത്ത പക്ഷം അര്‍ജന്റീന വെറും മുനയൊടിഞ്ഞ ശരാശരി ടീമിനേക്കാളും താഴേക്ക് പതിക്കുമെന്ന് ഉറപ്പ്. ഇത് അര്‍ജന്റീനയെ പോലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന രാജ്യത്തിന് ഉള്‍കൊള്ളാനുകുന്നതിലും അപ്പുറമാണ്.

കോപ്പയിലെ തോല്‍‌വിയുടെ അലയൊലികള്‍ തീരുമ്പോള്‍ മെസിയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അധികൃതര്‍ ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. താരത്തിനെ എങ്ങനെയെങ്കിലും ടീമില്‍ നിലനിര്‍ത്തി വരുന്ന ലോകകപ്പില്‍ മികച്ച ടീമിനെ അണിയിച്ചൊരുക്കുക എന്നതാണ് അധികൃതരുടെ പദ്ധതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :