ബ്യൂണസ് ഐറിസ്|
PRIYANKA|
Last Updated:
തിങ്കള്‍, 27 ജൂണ്‍ 2016 (15:26 IST)
ശതാബ്‌ദി
കോപ്പ അമേരിക്ക ഫൈനലില്‍ ദയനീയപരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സി. ലോകത്തെ മുഴുവന്‍ ഫുട്‌ബോള്‍ ആരാധകരുടെയും നെഞ്ചിടിപ്പ് കൂട്ടിയ മെസ്സിയുടെ കരിയറിലെ പ്രകടനങ്ങള്‍;
1. അന്താരാഷ്ട്ര അരങ്ങേറ്റം
2005 ഓഗസ്റ്റ് 17ന് 18 ആമത്തെ വയസ്സിലാണ് മെസ്സി അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്. ഹംഗറിക്കെതിരെയുള്ള സൌഹൃദമത്സരത്തിലൂടെ ആയിരുന്നു മെസ്സിയുടെ ആദ്യ അന്താരാഷ്‌ട്ര മത്സരം.
2. ആദ്യ അന്താരാഷ്ട്രഗോള്‍
2006 മാര്‍ച്ച് ഒന്നിന് ക്രൊയേഷ്യയ്‌ക്കെതിരെയാണ് മെസ്സി ആദ്യമായി തന്റെ അന്താരാഷ്ട്ര ഗോള്‍ വലയിലാക്കിയത്.
3. ഒളിമ്പിക് ഗോള്‍ഡ്
2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന സ്വര്‍ണം സ്വന്തമാക്കി.
4. 2010 ലോകകപ്പിലെ തകര്‍ന്നടിയല്‍
2010ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചു നടന്ന ലോകകപ്പ് മത്സരത്തില്‍ ക്വാര്‍ട്ടറില്‍ ജര്‍മ്മനിയോട് അര്‍ജന്റീന നാലു ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞു. ഫുട്‌ബോള്‍ ഇതിഹാസം മറഡോണ പരിശീലനം നല്കിയിട്ടും മെസ്സിയുടെയും ടീമിന്റെയും പ്രകടനം മെച്ചപ്പെടുത്താനായില്ല.
5. ഹാട്രിക് നേടിയുള്ള തിരിച്ചുവരവ്
2013 മെസ്സിയെ സംബന്ധിച്ച് ഭാഗ്യത്തിന്റെതായിരുന്നു. സ്വിറ്റ്‌സര്‍ലണ്ടുമായുള്ള സൌഹൃദ മത്സരത്തില്‍ മൂന്ന് ഗോളുകള്‍ വലയിലെത്തിച്ച് മെസ്സി കളിക്കളത്തില്‍ തന്റെ അര്‍ജന്റീനയ്ക്കു വേണ്ടി തന്റെ ആദ്യഹാട്രിക് രചിച്ചു. അതേ വര്‍ഷം ബ്രസീലിനെതിരെ നടന്ന മത്സരത്തിലും മെസ്സി ഹാട്രിക് നേടി.
6. ഗോള്‍വേട്ടയില്‍ മറഡോണയ്ക്ക് തുല്യന്‍
2013ല്‍ ഗ്വാട്ടിമാലയ്‌ക്കെതിരെ ഹാട്രിക് നേടി മെസ്സി ഗോള്‍പട്ടികയില്‍ ഡിഗോ മറഡോണയ്ക്ക് തുല്യനായി.
7. 2014 ല്‍ ലോകകപ്പ് ഫൈനലിലെ പരാജയം
2014 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജര്‍മ്മനിയെ തകര്‍ക്കുന്ന കാഴ്ച കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് മെസിയും കൂട്ടരും നിരാശയായിരുന്നു സമ്മാനിച്ചത്.
8. 19 ആം മിനിറ്റില്‍ ഹാട്രിക്
2016 കോപ്പ അമേരിക്ക ഫൈനലിലേക്ക് മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന പ്രവേശിച്ചത് വിസ്മയം സൃഷ്‌ടിച്ചായിരുന്നു. പനാമയ്‌ക്കെതിരെ 19 ആം മിനിറ്റില്‍ ഹാട്രിക് നേടി മെസ്സി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
9. ദേശീയ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ്
കോപ്പ അമേരിക്ക 2016 സെമി ഫൈനലില്‍ അമേരിക്കയ്ക്ക് എതിരെ ഗോള്‍ നേടിയാണ് 55 ഗോൾ എന്ന നേട്ടം മെസി സ്വന്തമാക്കിയത്. 25വാര അകലെ നിന്ന് മനോഹരമായ ഫ്രീ കിക്കിലൂടെയാണ് മെസി റെക്കോഡ് ഗോൾ സ്വന്തമാക്കിയത്. അര്‍ജന്‍റീനന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ (54 ഗോളുകള്‍) നേടുന്ന താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡാണ് മെസി മറികടന്നത്.
10. വിരമിക്കല്‍
സെമിഫൈനലില്‍ ആവേശം വാനോളം എത്തിച്ച് ഫൈനലിലെ കൂപ്പുകുത്തല്‍. 2016 കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് ദയനീയ പരാജയം. പനാല്‍റ്റി ഷൂട്ടൌട്ടില്‍ മെസി ആദ്യകിക്ക് നഷ്‌ടപ്പെടുത്തിയതോടെ പരാജയഭാരം ഇരട്ടിയായി. ഒടുവില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കാനുള്ള പ്രഖ്യാപനവും മെസി നടത്തി.