അഭിറാം മനോഹർ|
Last Modified ഞായര്‍, 7 ജൂലൈ 2024 (10:08 IST)
കോപ്പ അമേരിക്കയിലെ നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ കൂടി അവസാനിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പ് വ്യക്തമായി. ടൂര്‍ണമെന്റിലെ മികച്ച ടീമുകളായ ഉറുഗ്വെ,അര്‍ജന്റീന,
കൊളംബിയ എന്നിവര്‍ സെമി യോഗ്യത ഉറപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി കാനഡയാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയ നാലാമത് ടീം. ലാറ്റിനമേരിക്കയിലെ കരുത്തരായ ബ്രസീലിനെ തോല്‍പ്പിച്ചാണ് ഉറുഗ്വെ സെമി ഫൈനലില്‍ യോഗ്യത നേടിയത്.
നിലവിലെ കോപ്പ അമേരിക്ക ജേതാക്കളാണെങ്കിലും ഇതുവരെ തങ്ങളുടെ പ്രകടനമികവിലെത്താന്‍ അര്‍ജന്റീനന്‍ ടീമിനായിട്ടില്ല. ഇക്വഡോറിനെതിരായ മത്സരത്തില്‍ പോലും തോല്‍വി മുന്നില്‍ കണ്ടാണ് അര്‍ജന്റീന സെമി ഫൈനലിലെത്തിയിരിക്കുന്നത്. സെമിയില്‍ താരതമ്യേന ദുര്‍ബലരായ കാനഡയാണ് എതിരാളികള്‍ എന്നതിനാല്‍ തന്നെ അര്‍ജന്റീന അനായാസം ഫൈനല്‍ പ്രവേശനം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫൈനലില്‍ അര്‍ജന്റീനയെ കാത്തിരിക്കുന്നത് ഈ ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന ഉറുഗ്വെ അല്ലെങ്കില്‍ കൊളംബിയ ആയിരിക്കും.
ഗ്രൂപ്പ് മത്സരങ്ങളില്‍ പനാമയെ 3-1നും ബൊളിവീയയെ 5-1നും അമേരിക്കയെ 1-0നും പരാജയപ്പെടുത്തിയാണ് ഉറുഗ്വെ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ നിശ്ചിത സമയത്ത് ഗോള്‍ നേടാന്‍ ഉറുഗ്വെയ്ക്കായിരുന്നില്ല. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-1നായിരുന്നു ഉറുഗ്വെയുടെ വിജയം. അതേസമയം ഗ്രൂപ്പ് മത്സരങ്ങളില്‍ പരാഗ്വയെ 2-1നും കോസ്റ്റാറിക്കയെ 3-0നും തകര്‍ത്ത കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് തകര്‍ത്തത്. യുവനിരയുടെ ബലത്തില്‍ വമ്പന്‍ ഫോമില്‍ കളിക്കുന്ന കൊളംബിയയാകും നിലവില്‍ ഉറുഗ്വെയേക്കാള്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്ക് ശക്തമായ പോരാട്ടം നല്‍കുക.
അതേസമയം ഗ്രൂപ്പ് മത്സരത്തില്‍ ലയണല്‍ മെസ്സിക്കേറ്റ പരിക്ക് അര്‍ജന്റീനന്‍ മുന്നേറ്റങ്ങളെയാകെ ബാധിക്കുന്നുണ്ട്. മിഡ് ഫീല്‍ഡില്‍ ഭാവനാപരമായി മുന്നേറ്റങ്ങള്‍ നടത്താനും അര്‍ജന്റീനയ്ക്ക് സാധിക്കുന്നില്ല. ഗോളുകള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ലോകകപ്പില്‍ കണ്ട ടീമിന്റെ നിഴല്‍ മാത്രമാണ് കോപ്പ അമേരിക്കയില്‍ നിലവിലെ അര്‍ജന്റീന. അതിനാല്‍ തന്നെ ഫൈനലില്‍ കടുപ്പമേറിയ മത്സരമാകും അര്‍ജന്റീനയെ കാത്തിരിക്കുന്നത്.