ന്യൂയോര്‍ക്ക്|
jibin|
Last Updated:
തിങ്കള്‍, 27 ജൂണ്‍ 2016 (18:54 IST)
കോപ്പ അമേരിക്കയിലെ അപ്രതീക്ഷിത തോല്‍വിയില്‍ മനംനൊന്ത് അര്‍ജന്റീനന്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി വിരമിച്ചതിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ദേശീയ ടീമിനായുള്ള കളി മതിയാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മെസി വിരമിക്കല്‍ തീരുമാനം എടുത്തതിന് പിന്നാലെ സെര്‍ജിയോ അഗ്യൂറോയും മഷരാനോയും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. വരും മണിക്കൂറുകളില്‍ കൂടുതല്‍ പേര്‍ ദേശീയ ടീമിനോട് വിടപറയുമെന്നാണ് സൂചന. ഗോള്‍സാലോ ഹിഗ്വിന്‍, ലെവസി, എയ്‌ഞ്ചല്‍ ഡി മരിയ, ബെനഗ, ലൂക്കാസ് ബിഗ്ലിയ തുടങ്ങി താരങ്ങള്‍ അര്‍ജന്റീനയുടെ കുപ്പായം
അഴിച്ചുവെക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
താരങ്ങള്‍ കൂട്ടത്തോടെ വിരമിക്കല്‍ തീരുമാനം എടുക്കുന്നതോടെ അര്‍ജന്റീന ടീം നാശത്തിലേക്ക് പോയേക്കാമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ പറയുന്നത്. അതിനിടെ ടീം കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങാതിരിക്കാന്‍ മെസി തിരികെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അല്ലാത്ത പക്ഷം അര്‍ജന്റീന വെറും മുനയൊടിഞ്ഞ ശരാശരി ടീമിനേക്കാളും താഴേക്ക് പതിക്കുമെന്ന് ഉറപ്പ്. ഇത് അര്‍ജന്റീനയെ പോലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന രാജ്യത്തിന് ഉള്‍കൊള്ളാനുകുന്നതിലും അപ്പുറമാണ്.
കോപ്പയിലെ തോല്‍വിയുടെ അലയൊലികള്‍ തീരുമ്പോള്‍ മെസിയുമായി അര്‍ജന്റീന ഫുട്‌ബോള്‍ അധികൃതര്‍ ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. താരത്തിനെ എങ്ങനെയെങ്കിലും ടീമില്‍ നിലനിര്‍ത്തി വരുന്ന ലോകകപ്പില്‍ മികച്ച ടീമിനെ അണിയിച്ചൊരുക്കുക എന്നതാണ് അധികൃതരുടെ പദ്ധതി.