എന്തൊരു മനുഷ്യനാണ് ഇയാള്‍; ആത്മവിശ്വാസത്തിന്റെ മറുപേരായി റൊണാള്‍ഡോ, റെക്കോര്‍ഡ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 16 ജൂണ്‍ 2021 (08:19 IST)

യൂറോ കപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ പോര്‍ച്ചുഗല്‍ ആരാധകരെ നിരാശപ്പെടുത്തിയില്ല. നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ പോര്‍ച്ചുഗല്‍ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഇരട്ട ഗോള്‍ നേടി റൊണാള്‍ഡോ ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.

യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കി. ഹംഗറിക്കെതിരെ നേടിയ ഇരട്ടഗോളോടെ യൂറോ കപ്പിലെ റൊണാള്‍ഡോയുടെ ആകെ ഗോളുകള്‍ 11 ആയി. യൂറോ കപ്പ് ചരിത്രത്തില്‍ ഒന്‍പത് ഗോള്‍ നേടിയ ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോര്‍ഡ് ആണ് റൊണാള്‍ഡോ ഇന്നലെ മറികടന്നത്.

പ്രധാന ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. ഹംഗറിക്കെതിരെ ഇരട്ടഗോള്‍ നേടുമ്പോള്‍ റൊണാള്‍ഡോയുടെ പ്രായം 36 വയസും 130 ദിവസവും. 2018 ലോകകപ്പില്‍ 35 വയസും 124 ദിവസവും പ്രായമുള്ള സമയത്ത് പെപ്പെ പോര്‍ച്ചുഗലിനായി നേടിയ ഗോള്‍ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.

അഞ്ച് യൂറോ കപ്പുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോയ്ക്ക് സ്വന്തം. 2004 ലാണ് റൊണാള്‍ഡോ തന്റെ ആദ്യ യൂറോ കപ്പ് പോര്‍ച്ചുഗലിനായി കളിക്കുന്നത്.

യൂറോ കപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. ഉക്രൈന്‍ താരം ആേ്രന്ദ ഷെവ്‌ചെങ്കോയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. യൂറോയില്‍ ഇരട്ടഗോള്‍ നേടുമ്പോള്‍ ഷെവ്‌ചെങ്കോയുടെ പ്രായം 35 വയസും 256 ദിവസവും ആയിരുന്നു.

ഈ യൂറോ കപ്പില്‍ മറ്റൊരു അതുല്യ നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫിഫ ഇന്റര്‍നാഷണല്‍ ഗോളുകളുടെ എണ്ണത്തില്‍ ഇറാന്‍ താരം അലി ദേയിയെ റൊണാള്‍ഡോ മറികടക്കുമോ എന്ന് കാത്തിരുന്ന് കാണാം. 176 കളികളില്‍ നിന്ന് 106 ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ നേടിയിരിക്കുന്നത്. 149 കളികളില്‍ നിന്ന് 109 ഗോളുകളാണ് അലി ദേയി നേടിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :