രേണുക വേണു|
Last Modified ചൊവ്വ, 15 ജൂണ്‍ 2021 (11:55 IST)
യൂറോ കപ്പ് ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്ക്-ഫിന്‍ലന്‍ഡ് മത്സരം നടക്കുന്നതിനിടെയാണ് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞുവീണത്. ഇതിനുശേഷം നാടകീയ രംഗങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. മത്സരം നിര്‍ത്തിവയ്ക്കുകയും ഗുരുതരാവസ്ഥയിലുള്ള എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്നാണ് എറിക്‌സണ്‍ മൈതാനത്ത് ബോധരഹിതനായത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുകയാണ്.
എന്നാല്‍, ഇതിനിടെയാണ് എറിക്‌സണുമായി ബന്ധപ്പെട്ട ചില ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. ഇന്റര്‍ മിലാന്‍ താരം കൂടിയായ എറിക്‌സണ് കോവിഡ് ഉണ്ടായിരുന്നു എന്നും അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെയാണ് അന്നേ ദിവസത്തെ മത്സരത്തില്‍ പങ്കെടുത്തതെന്നുമായിരുന്നു പ്രചാരണം. എന്നാല്‍, ഈ വാര്‍ത്തകളെ തള്ളി ഇന്റര്‍ മിലാന്‍ വൈദ്യസംഘം രംഗത്തെത്തി. എറിക്‌സണ് കോവിഡ് ഇല്ലായിരുന്നു എന്നും അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നും ക്ലബ് ഫിസിയോ ഔദ്യോഗികമായി അറിയിച്ചു. ആരോഗ്യനില പൂര്‍ണ തൃപ്തികരമായിരുന്നു എന്നും അദ്ദേഹത്തിന്റെ പരിശോധന എല്ലാം പൂര്‍ത്തിയായ ശേഷമാണ് യൂറോ കപ്പിനായി എത്തിയതെന്നും ക്ലബ് വ്യക്തമാക്കി.
മത്സരം 40 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങള്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിലേറെ മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചു. തുടര്‍ന്ന് എറിക്‌സണെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.