ഗാർഡിയോളയുടെ തന്ത്രങ്ങൾ ഫലിച്ചില്ല, കന്നി ഫൈനലിൽ സിറ്റിക്ക് നിരാശ, ചെൽസി യൂറോപ്പിന്റെ പുതിയ രാജാവ്

അഭിറാം മനോഹർ| Last Modified ഞായര്‍, 30 മെയ് 2021 (08:38 IST)
കന്നി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് നിരാശ. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെൽസി യൂറോപ്പിന്റെ ഫുട്ബോൾ കിരീടം സ്വന്തമാക്കി. 43ആം മിനുട്ടിൽ കായ് ഹാവെർട്‌സ് നേടിയ ഗോളിനാണ് ചെൽസിയുടെ വിജയം.

മാസണ്‍ മൗണ്ടിന്റെ ത്രൂ പാസില്‍ നിന്നായിരുന്നു കായ് ഹാവെര്‍ട്‌സിന്റെ ഗോള്‍. പന്ത് സ്വീകരിച്ച ഹാവെര്‍ട്‌സ് സിറ്റി ഗോള്‍കീപ്പറുടെ പ്രതിരോധം മറികടന്ന് പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ ആദ്യ ഗോളാണിത്. 3 വട്ടം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ ചെൽസിയുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. 2012ൽ ചെൽസി ജേതാക്കളായപ്പോൾ 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ചെൽസി പരാജയപ്പെട്ടു.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലീഗ് കപ്പും നേടിയ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് നേടി ഹാട്രിക്ക് തികയ്ക്കാന്‍ സാധിച്ചില്ല. കിരീടം നേടാനായിരുന്നെങ്കിൽ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകന്‍ എന്ന നേട്ടം പെപ് ഗ്വാര്‍ഡിയോളക്ക് സ്വന്തമാക്കാമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :