ഞങ്ങള്‍ ഇവിടെ നാല് ദിവസമായി ഉണ്ട്, അപ്പോഴൊന്നും ഒരക്ഷരം മിണ്ടിയില്ല; കളിക്കളത്തില്‍ ചൂടായി മെസി

രേണുക വേണു| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (12:02 IST)

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ ബ്രസീല്‍-അര്‍ജന്റീന മത്സരം ഉപേക്ഷിച്ചതില്‍ അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിക്ക് കടുത്ത അതൃപ്തി. ബ്രസീല്‍ ആരോഗ്യവിഭാഗം അധികൃതരുടെ ഇടപെടല്‍ ശരിയായില്ലെന്ന് മെസി കുറ്റപ്പെടുത്തി. മത്സരം ആരംഭിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴാണ് ആരോഗ്യ അധികൃതര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നു മത്സരം നിര്‍ത്തിച്ചത്. നാല് അര്‍ജന്റീന താരങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ആരോഗ്യ അധികൃതര്‍ ഇടപെട്ടത്.

അര്‍ജന്റീനയുടെ കളിക്കാരായ എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരെ തടയാനാണ് ആരോഗ്യ അധികൃതരെത്തിയത്. ഈ താരങ്ങള്‍ പത്ത് ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നതാണ് കാരണം. തങ്ങളുടെ താരങ്ങളെ മത്സരത്തില്‍ നിന്ന് വിലക്കിയതോടെ അര്‍ജന്റീന ടീം മൈതാനം വിട്ടു. ബ്രസീല്‍ ആരോഗ്യവിഭാഗം അധികൃതരോട് അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസി രൂക്ഷമായാണ് സംസാരിച്ചത്.

'ഞങ്ങള്‍ പോകുന്നു, കളി തുടരുന്നില്ല. കഴിഞ്ഞ നാല് ദിവസമായി ഞങ്ങള്‍ ഇവിടെയുണ്ട്. നിങ്ങള്‍ മാറ്റിനിര്‍ത്തിയ താരങ്ങള്‍ കഴിഞ്ഞ നാല് ദിവസമായി ടീമിനൊപ്പമുണ്ട്. ഇത്രയും ദിവസം കിട്ടിയിട്ടും അധികൃതര്‍ ഞങ്ങളോട് ഒന്നും പറഞ്ഞില്ല. കളി തുടങ്ങാന്‍ കാത്തുനില്‍ക്കുകയായിരുന്നോ നിങ്ങള്‍? എന്തുകൊണ്ട് നേരത്തെ മുന്നറിയിപ്പ് നല്‍കിയില്ല?,' കളിക്കളത്തില്‍ നിന്ന് മെസി ചോദിച്ചു. ബ്രസീല്‍ താരം കാസെമിറോയാണ് മെസിയെ പിന്നീട് ശാന്തനാക്കിയതെന്നും സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :