തിരിച്ചുവരവിൽ പെനാൽറ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റിയാനോ, യുവന്റസ് ഫൈനലിൽ

അഭിറാം മനോഹർ| Last Modified ശനി, 13 ജൂണ്‍ 2020 (20:22 IST)
മൂന്ന് മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ കളത്തിലിറങ്ങിയപ്പോൾ ആരാധകർക്ക് നിരാശ. കോപ്പ ഇറ്റാലിയയിൽ എസി മിലാനെതിരായ സെമി ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതാണ് മടങ്ങിവരവിന്റെ തിളക്കം കുറിച്ചത്. അതേ സമയം പെനാൽറ്റി നഷ്ടമായെങ്കിലും യുവന്റസ് ഫൈനലിൽ പ്രവേശിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ യുവന്റസ് ഫൈനലിലെത്തി. ഇന്റർ മിലാൻ-നാപ്പോളി സെമി ഫൈനലിലെ വിജയികളെയാവും യുവന്റസ് ഫൈനലിൽ നേരിടുക.നേരത്തെ എസി മിലാന്റെ ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ നടന്ന ആദ്യപാദ സെമിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. ഈ എ‌‌വേ ഗോൾ ആനുകൂല്യത്തിലാണ് യുവന്റസ് ഫൈനലിൽ കടന്നത്.

മത്സരത്തിന്റെ 15-ാം മിനിറ്റിലായിരുന്നു യുവന്റസിന് അനുകൂലമായ പെനാൽറ്റി ലഭിച്ചത്. എന്നാൽ സൂപ്പർ താരം റൊണാൾഡോ എടുത്ത കിക്ക് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. ഈ സീസണിൽ റൊണാൾഡോ നഷ്ടപ്പെടുത്തുന്ന ആദ്യ പെനാൽട്ടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :