മെസിക്ക് അഞ്ഞൂറാം ഗോള്‍ ; ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്സലോണ

സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്സലോണ

ബാഴ്സലോണ, വലന്‍സിയ, മെസി barsalona, valansia, messi
ബാഴ്സലോണ| സജിത്ത്| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (09:55 IST)
സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്സലോണ.
ഒന്നിനെതിരെ 2 ഗോളിന് വലന്‍സിയയാണ് ബാഴ്സയെ തോല്‍പ്പിച്ചത്. ഇവാന്‍ റാക്കിട്ടിച്ചും മിനാ ലൊറെന്‍സോയുമാണ് വലന്‍സിയയുടെ സ്കോറര്‍മാര്‍. വലന്‍സിയക്കെതിരെ നേടിയ ഗോളോടെ മെസ്സി കരിയറിലെ അഞ്ഞൂറാം ഗോള്‍ തികച്ചു. ഇതോടെ ലാ ലീഗയില്‍ ചാമ്പ്യന്‍ പട്ടത്തിനുള്ള മത്സരത്തിനു കടുപ്പമേറി.

സോസിദാദിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനിറങ്ങിയ ബാഴ്സയെ 26ആം മിനുട്ടില്‍ തന്നെ ഇവാന്‍ റാക്കിട്ടിച്ച് ഞെട്ടിച്ചു. ഗോളിന്‍റെ പൂര്‍ണാവകാശം റാക്കിട്ടിച്ചിനായിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബാഴ്സ വീണ്ടും ഞെട്ടി.
മിനാ ലോറെന്‍സെയായിരുന്നു ബാഴ്സയുടെ പെട്ടിയില്‍ രണ്ടാം ആണിയും അടിച്ചുകയറ്റിയത്.

തിരിച്ചടിക്കാന്‍ നെയ്മര്‍ സുവാരസ് മെസ്സി ത്രയം ആവുന്നതെല്ലാം ചെയ്തു. പക്ഷെ ഗോള്‍ മാത്രം നേടാന്‍ കഴിഞ്ഞില്ല. 63 ആം മിനുട്ടില്‍ മെസ്സിയിലൂടെ ബാഴ്‍സ തിരിച്ചടിച്ചു.
കരിയറിലെ തന്‍റെ അഞ്ഞൂറാം ഗോളായിരുന്നു മെസ്സി നേടിയത്. സമനിലയെങ്കിലും പിടിക്കാനായി നെയ്‍മര്‍ സുവാരസ് മെസ്സി സഖ്യം പല തവണ വലന്‍സിയന്‍ ഗോള്‍ബാറിന് മുന്നിലെത്തി. പക്ഷെ നിര്‍ഭാഗ്യവും വലന്‍സിയന്‍ പ്രതിരോധ മതിലും വിലങ്ങുതടിയാപ്പോള്‍ ബാഴ്സ വീണ്ടും തോല്‍വി രുചിച്ചു.

33 കളികളില്‍നിന്ന് 76 പോയിന്റോടെ ബാഴ്‌സലോണ തന്നെയാണ് ഒന്നാം സ്ഥാനത്തെങ്കിലും ഇത്രയും കളികളില്‍നിന്ന് ഇതേ പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. ഒരു പോയിന്റ് മാത്രം പിറകില്‍ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുള്ളതാണ് ബാഴ്‌സയ്ക്ക് ഏറെ ഭീഷണി. ബാഴ്‌സയേക്കാള്‍ ഒമ്പത് കൂടുതല്‍ ഗോളുകളുള്ളതാണ് അവര്‍ക്കുള്ള മുന്‍തൂക്കം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :