രേണുക വേണു|
Last Modified ഞായര്‍, 4 ഡിസംബര്‍ 2022 (11:59 IST)
ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ലയണല്‍ മെസിയുടെ അര്‍ജന്റീന മുന്നേറ്റം തുടരുകയാണ്. മെസിയെ മാത്രം ആശ്രയിക്കുന്ന ടീമല്ല തങ്ങളെന്ന് അര്‍ജന്റീന ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. അര്‍ജന്റീനയുടെ മികച്ച പ്രകടനത്തില്‍ ആരാധകരും ആവേശത്തിലാണ്. അതേസമയം, പൗലോ ഡിബാലയെ ഇതുവരെ ഒരു കളി പോലും ഇറക്കാത്തതില്‍ ആരാധകര്‍ക്ക് നിരാശയുമുണ്ട്. മെസി കഴിഞ്ഞാല്‍ അര്‍ജന്റീന ടീമില്‍ മിന്നും പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് ഡിബാല. എന്നിട്ടും പരിശീലകന്‍ ലയണല്‍ സ്‌കലോണി ഡിബാലയെ ഇതുവരെ ഒരു കളിയിലും ഇറക്കിയിട്ടില്ല.
ലോകകപ്പിന് തൊട്ടുമുന്‍പ് ഡിബാലയ്ക്ക് തുടയില്‍ പരുക്കേറ്റിരുന്നു. ഈ പരുക്കില്‍ നിന്ന് താരം പൂര്‍ണമായി മുക്തനായിട്ടില്ലെന്നാണ് വിവരം. ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടെങ്കിലും ഡിബാലയെ ഇതുവരെ കളിക്കാന്‍ ഇറക്കാത്തതിന്റെ പ്രധാന കാരണം ഈ പരുക്കാണ്.
മാത്രമല്ല ലയണല്‍ മെസി കളിക്കുന്ന ലെഫ്റ്റ് വിങ് പൊസിഷനിലാണ് ഡിബാലയും കളിക്കുന്നത്. ഡിബാലയെ ഇറക്കണമെങ്കില്‍ മെസിയെ ബഞ്ചിലിരുത്തേണ്ടി വരും. മികച്ച ഫോമില്‍ കളിക്കുന്ന മെസിയെ ബെഞ്ചിലിരുത്താന്‍ സ്‌കലോണി തയ്യാറല്ല. അതേസമയം, മെസി മിഡ് ഫീല്‍ഡറുടെ ഉത്തരവാദിത്തത്തിലേക്ക് പോയാല്‍ പകരം ഡിബാലയെ ലെഫ്റ്റ് വിങ്ങില്‍ സ്‌ട്രൈക്കറായി കൊണ്ടുവരാനുള്ള സാധ്യതയും ആരാധകര്‍ കാണുന്നുണ്ട്. വരും മത്സരങ്ങളില്‍ അത്തരത്തിലൊരു പരീക്ഷണത്തിനു സ്‌കലോണി മുതിരുമോ എന്നാണ് അവശേഷിക്കുന്ന ചോദ്യം.