അഭിറാം മനോഹർ|
Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (14:16 IST)
ചാമ്പ്യൻസ് ലീഗിൽ മക്കാബി ഫൈഫയ്ക്കെതിരായ മത്സരത്തിൽ അർജൻ്റൈൻ സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയക്ക് പരിക്ക്. മത്സരത്തിൻ്റെ 24ആം മിനിറ്റിലാണ് ഏയ്ഞ്ചൽ ഡി മരിയ പരിക്കേറ്റ് ഗ്രൗണ്ട് വിട്ടത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ലോകമെങ്ങുമുള്ള അർജൻ്റൈൻ ആരാധകർ.
വലതുകാൽ തുടയിലെ പരിക്കിനെ തുടർന്ന് കരഞ്ഞുകൊണ്ടാണ് അർജൻ്റൈൻ താരം ഗ്രൗണ്ട് വിട്ടത്. ലോകകപ്പ് തൊട്ടരികിൽ നിൽക്കെ ടീമിലെ സീനിയർ താരത്തിന് പരിക്കേറ്റത് അർജൻ്റീനയെ ആശങ്കയിലാക്കുന്നു. ഡിബാലയുടെ പരിക്ക് അർജൻ്റീനയ്ക്ക് ഭീഷണിയായി നിൽക്കുമ്പോഴാണ് ഡി മരിയയിലൂടെ മറ്റൊരു തിരിച്ചടി.
നവംബർ 22ന് സൗദിക്കെതിരെയാണ് അർജൻ്റീനയുടെ ആദ്യ മത്സരം. നവംബർ 27ന് മെക്സിക്കോയെയും ഡിസംബർ ഒന്നിന് പോളണ്ടിനെയും അർജൻ്റീന നേരിടും. മരിയയുടെ പരിക്കിനെ പറ്റി കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ലോകകപ്പിൻ്റെ സമയമാകുമ്പോഴേക്കും താരത്തിന് തിരിച്ചെത്താനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.