ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്, പരിക്കേറ്റ ദീപക് ചാഹറിന് പകരം വാഷിങ്ടൺ സുന്ദർ കളിക്കും

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഒക്‌ടോബര്‍ 2022 (08:48 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ടി20 ലോകകപ്പിനുള്ള റിസർവ് ടീമിൽ ഇടം നേടിയ പേസർ ദീപക് ചാഹറിന് പരിക്കേറ്റതിനെ തുടർന്ന് വാഷിങ്ടൺ സുന്ദറിനെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ടീമിലെടുത്തു.

പേസർക്ക് പരിക്കേറ്റപ്പോൾ ഓഫ് സ്പിന്നറായ സുന്ദറിനെ പകരക്കാരാനായി പ്രഖ്യാപിച്ച തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഷഹബാസ് അഹ്മദ്, രവി ബിഷ്ണോയി, കുൽദീപ് യാദവ് എന്നിങ്ങനെ 3 സ്പിന്നർമാർ ഉള്ളപ്പോഴാണ് നാലാമത് ഒരു സ്പിന്നറെ കൂടി ടീമിലെടുത്തിരിക്കുന്നത്. അതേസമയം നീണ്ട നാളത്തെ പരിക്കിന് ശേഷം ടീമിൽ തിരിച്ചെത്തിയ ദീപക് ചാഹറിൻ്റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യം വ്യക്തമല്ല. നേരത്തെ ഏകദിന പരമ്പരയ്ക്കുള്ള് ടീമിലുണ്ടായിരുന്നെങ്കിലും ആദ്യ ഏകദിനത്തിൽ ചാഹർ കളിച്ചിരുന്നില്ല.

പരിക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഇന്ത്യ പരിഗണിച്ചിരുന്ന പേസർമാരിൽ ഒരാളാണ് ചാഹർ. ഒക്ടോബര്‍ 15ന് മുമ്പ് മുഹമ്മദ് ഷമി പൂര്‍ണ കായികക്ഷമത കൈവരിച്ചില്ലെങ്കില്‍ ചാഹറിനെയോ മുഹമ്മദ് സിറാജിനെയോ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ചാഹറും പരിക്കിൻ്റെ പിടിയിലായത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ പടർത്തുകയാണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :