Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

അഭിറാം മനോഹർ| Last Modified ഞായര്‍, 19 മെയ് 2024 (18:21 IST)
അര്‍ജന്റൈന്‍ കോച്ച് ലിയണല്‍ സ്‌കലോണിയെ സ്വന്തമാക്കാനായി ഇറ്റാലിയന്‍ വമ്പന്മാരായ എ സി മിലാന്‍ രംഗത്ത്. സ്ഥാനമൊഴിയുന്ന സ്റ്റെഫാനോ പിയോളിയുടെ പകരക്കാരനായാണ് മിലാന്‍ സ്‌കലോണിയെ പരിഗണിക്കുന്നത്. നിലവില്‍ അര്‍ജന്റീന ടീമുമായി 2026 വരെയാണ് സ്‌കലോണിക്ക് കരാറുള്ളതെങ്കിലും ജൂലൈ 14ന് നടക്കുന്ന ഫൈനലിന് ശേഷം സ്‌കലോണി അര്‍ജന്റീന പരിശീലകസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.

നേരത്തെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് അര്‍ജന്റീന ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാന്‍ സ്‌കലോണി തീരുമാനിച്ചിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചയില്‍
കോപ്പ അമേരിക്ക അവസാനിക്കുന്നത് വരെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക. ടൂര്‍ണമെന്റിലെ നിലവിലെ ചാമ്പ്യന്മാരാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന.
ലോകകപ്പ് വിജത്തിന് ശേഷം പ്രഖ്യാപിച്ച സമ്മാനതുകയോ പരിഗണനയോ സ്‌കലോണിക്കും സഹപരിശീലകര്‍ക്കും നല്‍കിയിരുന്നില്ല. സ്ഥാനം ഒഴിയുമെന്ന് സ്‌കലോണി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ നടക്കുകയും തീരുമാനം കോപ്പ അമേരിക്ക വരെ നീട്ടാനും കാരണമായത്. 2018ല്‍ പരിശീലകസ്ഥാനത്ത് സ്‌കലോണി എത്തിയതോടെയാണ് കോപ്പ അമേരിക്ക, ഫിഫ ലോകകപ്പ് കിരീടങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്കെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :