രേണുക വേണു|
Last Modified ബുധന്‍, 20 ഡിസംബര്‍ 2023 (08:56 IST)
ബ്രസീല്‍ ഫുട്‌ബോള്‍ ടീം മുന്നേറ്റ താരം നെയ്മര്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കില്ല. കഴിഞ്ഞ ഒക്ടോബറില്‍ കാല്‍മുട്ടിനു പരുക്കേറ്റ നെയ്മര്‍ ഇപ്പോഴും ചികിത്സയിലാണ്. ഈ പരുക്ക് ഗുരുതരമാണെന്നും താരത്തിനു പെട്ടന്നൊന്നും ഫുട്‌ബോള്‍ മൈതാനത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ലെന്നും ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു.
ഒക്ടോബര്‍ 17 നു ഉറുഗ്വായ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് നെയ്മറിന്റെ ഇടതു കാല്‍മുട്ടിനു പരുക്കേറ്റത്. പിന്നീട് താരം കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. നെയ്മറിന് ലിഗ്മെന്റ് പ്രശ്‌നം ഗുരുതരമാണെന്നും ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും തുടര്‍ച്ചയായി വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്. 2024 ഓഗസ്‌റ്റോടെ മാത്രമേ നെയ്മര്‍ കളിക്കളത്തിലേക്ക് ഇനി മടങ്ങിയെത്തൂ എന്നാണ് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോയുടെ വാക്കുകള്‍.
2024 ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക നടക്കുന്നത്. കൊളംബിയ, പരഗ്വായ്, കോസ്റ്റ റിക്ക അല്ലെങ്കില്‍ ഹോണ്ടറസ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ബ്രസീല്‍ ഉള്ളത്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയോട് ബ്രസീല്‍ തോല്‍വി വഴങ്ങിയിരുന്നു. ബ്രസീലിനായി 129 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് നെയ്മര്‍.