മോശം ഫോം, ലോകകപ്പ് തോൽവി, ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും പുറത്ത്, കോലി വാർത്തകളിൽ നിറഞ്ഞുനിന്ന 2021

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (19:22 IST)
ഇന്ത്യൻ ക്രിക്കറ്റിൽ എല്ലാ അധികാരങ്ങളും കൈയാളിയിരുന്ന ശക്തനിൽ നിന്നും ബിസിസിഐയുമായി നേരിട്ട് കൊമ്പുകോർക്കുന്ന കോലിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് മാറിയതായിരുന്നു 2021ൽ ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ച പ്രധാനമാറ്റം. ഇന്ത്യൻ ടീമിലെ സർവശക്തനിൽ നിന്നുമുള്ള കോലിയുടെ പിന്മാറ്റം കണ്ട ഇന്ത്യൻ ക്രിക്കറ്റിനും സമ്മാനിച്ചത് സംഭവബഹുലമായ വർഷം.

എംഎസ് ധോണിയിൽ നിന്നും 2017ൽ ലിമിറ്റഡ് ഓവർ നായകസ്ഥാനം ഏറ്റെടുത്തത് മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ എതിരില്ലാത്ത താരമായിരുന്നു കോലി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തുകയും വിരാട് കോലി തന്റെ പാരമ്യത്തിൽ കളിച്ചിരുന്നതും കോലിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കുന്നതിൽ നിന്നും ബിസിസിഐയെ വിലക്കി.

എന്നാൽ ടീമിനെ തന്റെ എതിരില്ലാത്ത സ്വാധീനത്തിന് കുറവ് വരുന്നതിനാണ് 2021ൽ കാണാനായത്. ലിമിറ്റഡ്-ടെസ്റ്റ് മത്സരങ്ങളിലെ കോലിയുടെ മോശം ഫോമും ഐസിസി ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ മടങ്ങിയതും ഇതിന് ആക്കം കൂട്ടി. ഇതോടെ നായകസ്ഥാനത്തേക്ക് രോഹിത് ശർമയെ പരിഗണിക്കണമെന്ന ആവശ്യവും ആരാധകർക്കിടയിൽ നിന്നും ഉയർന്നു.

ടി20 ലോകകപ്പിന് മുൻപായി ‌ലോകകപ്പോടെ ടി20 നായകസ്ഥാനം രാജിവെയ്ക്കുമെന്ന കോലിയുടെ പ്രഖ്യാപനമായിരുന്നു കോലി-ബിസിസിഐ അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടത്. അപ്രതീക്ഷിതമായ ഈയൊരു തീരുമാനത്തോടെ ഏകദിന നായകസ്ഥാനത്ത് നിന്നും കോലിയെ മാറ്റണമെന്ന ആവശ്യം ബിസിസിഐയിലും രൂപപ്പെട്ടു.

അടുത്തടുത്തായി രണ്ട് ലോകകപ്പുകൾ നടക്കാനിരിക്കെ ലിമിറ്റഡ് ഓവറിലെ രണ്ട് ഫോർമാറ്റിലും വ്യത്യസ്‌തമായ നായകന്മാർ എന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ബിസിസിഐ എടുത്തത്. ഇതിനിടെ ലോകകപ്പ് ടീമിൽ തനിക്ക് അർഹിച്ച ടീമിനെ ലഭിച്ചില്ല എന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ ബിസിസിഐ-കോലി പോരിന് ആക്കം കൂട്ടി. ഒടുവിൽ തന്നെ അവസാന നിമിഷമാണ് നായകസ്ഥാനത്ത് നിന്നും പുറത്താക്കിയതെന്ന കോലിയുടെ പ്രഖ്യാപനത്തോടെ പോര് അതിന്റെ ഉയർന്ന അവസ്ഥയിലെത്തി.

എന്നാൽ കോലിയുടെ പരാമർശത്തോട് പ്രതികരിക്കേണ്ടതില്ല എന്ന നിലപാടാണ് ബിസിസിഐ എടുത്തത്. അതേസമയം 2019 മുതൽ ക്രിക്കറ്റിലെ ഒരു ഫോർമാറ്റിലും സെഞ്ചുറി നേടാൻ താരത്തിനായിട്ടില്ല എന്ന കണക്കുകൾ കോലിയുടെ ടീമിലെ സ്ഥാനത്തെ തന്നെ വാൾമുനയിലാക്കിയിരിക്കുകയാണ്. ടെസ്റ്റ് ടീം എന്ന നിലയിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും വ്യക്തിഗത പ്രകടനമികവിൽ കോലി തന്റെ സമകാലീനരിൽ നിന്നും ഏറെ താഴ്‌ന്ന് പോവുന്നതിനും 2021 സാക്ഷിയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :