ഷമിക്ക് 5 വിക്കറ്റ്, ദക്ഷിണാഫ്രിക്ക് 197ന് പുറത്ത്, ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (21:58 IST)
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ. 16 ഓവറില്‍ 44 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീഴ്ത്തി.

103 പന്തിൽ നിന്ന് 52 റൺസെടുത്ത ടെംബ മാത്രമാണ് ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിന്നത്. ഒരു ഘട്ടത്തിൽ 32ന് 4 റൺസെന്ന നിലയിൽ നിന്നിരുന്ന ദക്ഷിണാഫ്രിക്കയെ ക്വിന്റൺ ഡിക്കോക്കും ബവുമയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടാണ് രക്ഷിച്ചെടുത്തത്.

അതേസമയം ബൗളിങ്ങിനിടെ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 11-ാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ ഉപ്പൂറ്റിയ്ക്ക് പരിക്കേറ്റത്. എന്നാല്‍ 50 ഓവര്‍ പിന്നിട്ട ശേഷം ബുംറ കളത്തിലേക്ക് മടങ്ങിയെത്തി.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ 327 റണ്‍സിന് പുറത്തായിരുന്നു. മഴമൂലം പൂര്‍ണമായും നഷ്ടമായ രണ്ടാം ദിനത്തിനു ശേഷം മൂന്നാം ദിനം കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് 55 റൺസ് മാത്രമെ കൂട്ടിചേർക്കാനായുള്ളു.മൂന്നാം ദിനം മൂന്നിന് 272 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ആറു വിക്കറ്റുകൾ വീഴ്‌‌ത്തിയ ലുങ്കി എൻഗിഡിയാണ് തകർത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :