2020: ഐപിഎല്ലിൽ എതിരാളികളില്ലാതെ മുംബൈ അടക്കി ഭരിച്ച വർഷം

അഭിറാം മനോഹർ| Last Updated: വ്യാഴം, 17 ഡിസം‌ബര്‍ 2020 (21:59 IST)
വർഷാരംഭത്തോടെ തന്നെ കൊറോണയുടെ പിടിയിൽ ലോകം അമർന്നപ്പോൾ പതിവിന് വിപരീതമായി ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 2020ൽ ടൂർണമെന്റ് നടത്തപ്പെട്ടത്. കൊറോണ വ്യാപനം മൂലം യുഎ‌ഇ‌യിൽ മൂന്ന് വേദികളിലായിട്ടായിരുന്നു ഇത്തവണ ഐപിഎൽ മത്സരങ്ങൾ. കാണികൾ സ്റ്റേഡിയങ്ങളിൽ നിന്നും അകന്ന് നിന്നിട്ടും 4000 കോടി രൂപയുടെ വരുമാനമാണ് 2020ൽ ഐപിഎൽ നേടിക്കൊടുത്തത്.

2020ൽ മുംബൈ ഇന്ത്യൻസിന്റെ സമഗ്രമായ ആധിപത്യത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. എല്ലാ തവണത്തെയും പോലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ ദൈവത്തിന്റെ പോരാളികളുടെ മുന്നോട്ടുള്ള പ്രയാണം ഇത്തവണ ആയാസകരമായിരുന്നു.
ലീഗ് ഘട്ടത്തിൽ 18 പോയിന്റുകളോടെ പട്ടികയിൽ ഒന്നാമതായി പ്ലേ ഓഫിൽ. ആദ്യ പ്ലേഓഫിൽ ഡൽഹിയെ പരാജയപ്പെടുത്തിയതോടെ ഫൈനലിൽ. കലാശപോരാട്ടത്തിൽ അതേ ഡൽഹിക്കെതിരെ 5 വിക്കറ്റിന്റെ അനായാസമായ വിജയവും.

ലീഗ് ഘട്ടത്തിൽ തുടങ്ങി ഒരു ടീമും തന്നെ മുംബൈക്ക് 2020ൽ വെല്ലുവിളിയായില്ല. നന്നായി തുടങ്ങിയ ഡൽഹിക്കാവട്ടെ പകുതി മത്സരങ്ങൾ പിന്നിട്ടതോടെ താളം പിഴക്കുകയും ചെയ്‌തു. ഐപിഎല്ലിൽ ഇത്തവണ കാര്യമായ പ്രകടനങ്ങൾ കാഴ്‌ച്ചവെക്കാൻ സാധിച്ചില്ലെങ്കിലും ഫൈനലിൽ അർധ സെഞ്ചുറിയോടെ കളിയിലെ താരമാകാൻ മുംബൈ നായകൻ രോഹിത് ശർമയ്ക്ക് സാധിച്ചു. കൂടാതെ സൂര്യ കുമാർ യാദവ് എന്ന പുതിയ താരത്തിന്റെ പിറവിക്കും 2020 ഐപിഎൽ സാക്ഷിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :