“പ്രേമം ഇവിടെ” - യാത്രി ജെസെന്‍ വിലയിരുത്തുന്നു !

Last Updated: വെള്ളി, 5 ജൂണ്‍ 2015 (16:41 IST)
‘പ്രേമം’, ‘ഇവിടെ’ എന്നീ സിനിമകളാണ് കഴിഞ്ഞയാഴ്ച മലയാളത്തില്‍ റിലീസായത്. രണ്ടുസിനിമകളും രണ്ട് ജോണറുകളില്‍ പെട്ടവ. ‘പ്രേമം’ നിറയെ പ്രേമമാണെങ്കില്‍ ‘ഇവിടെ’ ഒരു ക്രൈം ത്രില്ലറാണ്. ഈ സിനിമകളെ വിലയിരുത്തുകയാണ് പ്രശസ്ത നിരൂപക യാത്രി ജെസെനും നിരൂപകരായ അഡോള്‍ഫ് ആര്‍തറും ലിയോ സ്റ്റാലണ്‍ ഡേവിസും. മൂവരും ചേര്‍ന്ന് ഈ സിനിമകളെപ്പറ്റി നടത്തിയ സംഭാഷണമാണ് ചുവടെ ചേര്‍ക്കുന്നത്.
 
യാത്രി: പ്രേമവും ഇവിടെയും നമ്മള്‍ എല്ലാവരും കണ്ടല്ലോ. എനിക്ക് കൂടുതല്‍ ഇഷ്ടമായത് ‘ഇവിടെ’യാണ്. ഒരു ത്രില്ലര്‍, അത് വലിയ രീതിയില്‍ പ്രേക്ഷകരുമായി വൈകാരികമായി സംവദിക്കുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. എല്ലാ ശ്യാമപ്രസാദ് സിനിമകളെയും പോലെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളുടെ സങ്കീര്‍ണതകളാണ് ഇവിടെയുടെയും ഹൈലൈറ്റ്. എന്താണ് ലിയോയുടെ അഭിപ്രായം?
 
ലിയോ: വ്യക്തിപരമായി എനിക്ക് ‘ഇവിടെ’ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ആ സിനിമയ്ക്ക് പല പാളിച്ചകളും സംഭവിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം തിരക്കഥയുടെ ബലമില്ലായ്മ തന്നെയാണ്. ഒരു ത്രില്ലര്‍ പ്രാഥമികമായി സാറ്റിസ്ഫൈ ചെയ്യേണ്ട ഒരു കാര്യമുണ്ട്. പ്രേക്ഷകനെ ഒരു ഹുക്കില്‍ കൊരുത്തിട്ടെന്നപോലെ കഥയുടെ പിന്നാലെ കൊണ്ടുപോവുക എന്നതാണത്. അതിവിടെ നടക്കുന്നില്ല. വളരെ റിലാക്സ്ഡായാണ് പ്രേക്ഷകര്‍ ചിത്രം കണ്ടിരിക്കുന്നത്. ഈ തണുപ്പന്‍ മൂഡ് ഒരു ത്രില്ലറിന് യോജിച്ചതല്ല. എന്നാല്‍ ‘പ്രേമം’ അങ്ങനെയല്ല. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്‍ ആ സിനിമയ്ക്കൊപ്പം സഞ്ചരിക്കുകയാണ്. ഒരുനിമിഷം പോലും ബോറടിക്കുന്നില്ല. ഏഴ് പാട്ടുകളുണ്ട് സിനിമയില്‍. ക്ലൈമാക്സെന്ന് കൊട്ടിഘോഷിക്കാന്‍ ഒന്നുമില്ല. എങ്കിലും പ്രേമം രസിപ്പിക്കുന്നു.
 
അഡോള്‍ഫ്: പ്രേമം രസകരമായ സിനിമയാണ്. സമീപകാലത്ത് മലയാള സിനിമയില്‍ സംഭവിച്ച ഏറ്റവും വലിയ ഹിറ്റുമാണ്. അതുകൊണ്ടുമാത്രം പക്ഷേ അതൊരു ഉദാത്ത സൃഷ്ടിയാണെന്നൊന്നും പറയുക വയ്യ. സിനിമയെ ഒരു കലാരൂപമെന്ന നിലയില്‍ വിലയിരുത്തിയാല്‍ ഇവിടെയ്ക്ക് താഴെത്തന്നെയാണ് പ്രേമത്തിന്‍റെ സ്ഥാനം. പ്രേമം രസിപ്പിക്കുമായിരിക്കും. പക്ഷേ അന്തിമമായി ഓര്‍മ്മിക്കപ്പെടുക ‘ഇവിടെ’ തന്നെയായിരിക്കും.
 
യാത്രി: പ്രേമം മറവിയിലേക്ക് പോകുമെന്നൊന്നും പറയാന്‍ കഴിയില്ല. കാരണം നമ്മള്‍ നരസിംഹം മറന്നിട്ടില്ല. നമ്മള്‍ അനിയത്തിപ്രാവ് മറന്നിട്ടില്ല. നമ്മള്‍ കോട്ടയം കുഞ്ഞച്ചന്‍ മറന്നിട്ടില്ല. അവയൊന്നും ഉദാത്ത സിനിമകളായിരുന്നില്ല. പക്ഷേ അവയ്ക്കൊക്കെ മലയാളികളുടെ മനസില്‍ സ്ഥാനമുണ്ട്. അവ പണം‌വാരിയ സിനിമകളാണ്. പ്രേമം ഒരുപക്ഷേ കൂടുതല്‍ ഓര്‍മ്മിക്കപ്പെടും എന്നാണ് എന്‍റെ പക്ഷം. കാരണം, നിവിന്‍ പോളി എന്ന നടനെ സൂപ്പര്‍സ്റ്റാറാക്കിയ സിനിമയാണ് പ്രേമം. ഇനി നിവിന്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി മാറുമെന്നുറപ്പ്. നിവിന്‍റെ അസൂയാവഹമായ വളര്‍ച്ച അതിന്‍റെ കൊടുമുടിയിലെത്തിച്ചത് പ്രേമമാണ്.
 
അഡോള്‍ഫ്: കമ്പാരിസന്‍റെ പ്രശ്നമില്ല, എങ്കിലും പൃഥ്വിരാജിന്‍റെയും നിവിന്‍ പോളിയുടെയും അഭിനയപ്രകടനത്തെ വിലയിരുത്താനുള്ള അവസരം സൃഷ്ടിക്കുന്നുണ്ട് ‘ഇവിടെ’. പൃഥ്വി വളരെ പക്വതയോടെ വരുണ്‍ ബ്ലേക്ക് എന്ന കഥാപാത്രമായി ജീവിക്കുന്നു. ക്രിഷ് ഹെബ്ബര്‍ എന്ന കഥാപാത്രത്തെ പക്ഷേ, പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ നിവിന്‍ പോളിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷേ, അതൊന്നും സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കുന്നില്ല. മലയാളത്തില്‍ ഉണ്ടായിട്ടുള്ള ക്രൈം ഡ്രാമകളില്‍ മുന്‍നിരയില്‍ ‘ഇവിടെ’ ഉണ്ടാകും. ലിയോ പറഞ്ഞതുപോലെയല്ല, എനിക്കു തോന്നിയത് ഈ സിനിമയുടെ നട്ടെല്ലെന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.
 
ലിയോ: എനിക്ക് വളരെ ബാലിശമായി തോന്നി ‘ഇവിടെ’യുടെ ക്ലൈമാക്സ്. പൃഥ്വിരാജിന്‍റെ കഥാപാത്രത്തെ ത്യാഗത്തിന്‍റെ മൂര്‍ത്തീഭാവമായൊക്കെ അവതരിപ്പിക്കുന്നത് കല്ലുകടിയാണ്. ഒരു സിനിമയ്ക്ക് പല കഥകള്‍ പറയേണ്ടി വരുന്നതിന്‍റെ ഏകോപനമില്ലായ്മ ‘ഇവിടെ’യിലുണ്ട്. പ്രധാന കഥയിലേക്ക് ഒരു ഫോക്കസില്ലായ്മ. അതാണ് സിനിമ തീര്‍ന്നിട്ടും പ്രത്യേകിച്ചൊരു ഫീലുമില്ലാതെ പ്രേക്ഷകര്‍ക്ക് വീട്ടിലേക്ക് പോകേണ്ടിവരുന്നത്.
 
അടുത്ത പേജില്‍ - പ്രേമത്തിന് തമിഴ് ശൈലി, ‘മലരേ...’ വിമര്‍ശിക്കപ്പെടുന്നു !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :