‘ഇവിടെ’യുണ്ടൊരു മികച്ച ചലച്ചിത്രാനുഭവം!

ഇവിടെ, ഇവിടെ നിരൂപണം, ഇവിടെ റിവ്യൂ, ശ്യാമപ്രസാദ്, പൃഥ്വിരാജ്, നിവിന്‍ പോളി
അഡോള്‍ഫ് ആര്‍തര്‍| Last Modified വെള്ളി, 29 മെയ് 2015 (16:30 IST)
ചെറുകാറ്റില്‍ നിന്ന് വന്യമായ ഉള്‍‌വേഗമുള്ള ചുഴലിക്കാറ്റിലേക്ക് ക്ഷണനേരം കൊണ്ട് മാറാന്‍ കെല്‍പ്പുള്ള കഥകളാണ് ശ്യാമപ്രസാദിന്‍റെ സിനിമകളുടേത്. മനുഷ്യമനസുകളുടെ ഉള്ളറകളിലെ സംഘര്‍ഷങ്ങളാണ് അദ്ദേഹത്തിന്‍റെ ഇഷ്ടവിഷയവും. ഇത്തവണ ‘ഇവിടെ’ എന്ന സിനിമയുമായാണ് മലയാളത്തിന്‍റെ ഈ വലിയ സംവിധായകന്‍ എത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ മനസിനെ പിടിച്ചിരുത്തുന്ന ചലച്ചിത്രാനുഭവം തന്നെയാണ് ‘ഇവിടെ’.

പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരാണ് ഈ സിനിമയിലെ പ്രധാന താരങ്ങള്‍. ഒരു ത്രില്ലര്‍ ആണെന്ന ധാരണയുണര്‍ത്താന്‍ ട്രെയിലറുകള്‍ക്ക് സാധിച്ചിരുന്നു. താരമൂല്യം കണ്ട് ഭ്രമിച്ച് ഒരു അടിപൊളി ത്രില്ലര്‍ പ്രതീക്ഷിച്ചെത്തുന്നവരെ അല്‍പ്പം നിരാശപ്പെടുത്തുന്ന സിനിമയാണ് ‘ഇവിടെ’ എന്ന് പറയാതിരിക്കാനാവില്ല. ഒരു ത്രില്ലടിപ്പിക്കുന്ന കഥ പറയുകയല്ല, കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങള്‍ മനോഹരമായി വരഞ്ഞിടുകയാണ് ഈ ചിത്രത്തിലും സംവിധായകന്‍ ചെയ്യുന്നത്.

ഒരേ കടലില്‍, ആര്‍ട്ടിസ്റ്റില്‍, ഇംഗ്ലീഷില്‍, ഋതുവില്‍ ഒക്കെ കണ്ട കഥാപാത്രങ്ങളുടെ ചില ഷേഡുകള്‍ ‘ഇവിടെ’യിലും അവിടവിടെ കണ്ടെത്താം. ആ പരിചിതഭാവം കഥാപാത്രങ്ങളുടെ മാനസിക ഘടന മനസിലാക്കാന്‍ ഒട്ടൊക്കെ സഹായിക്കുന്നുമുണ്ട്. അറ്റ്‌ലാന്‍റ പൊലീസിലെ ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍ വരുണ്‍ ബ്ലേക്കിനെയാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അമേരിക്കയില്‍ ഐടി പ്രൊഫഷണലുകള്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നത് അന്വേഷിക്കാനാണ് അയാള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ക്രിഷ് ഹെബ്ബര്‍ എന്ന ഐടി പ്രൊഫഷണലായി നിവിന്‍ പോളി എത്തുന്നു. ഈ രണ്ടു നായകന്‍മാരുമായി ബന്ധപ്പെട്ടിരിക്കുന്ന റോഷ്നി മാത്യു എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.

സംഭവബഹുലമായ ഒരു സിനിമയല്ല ‘ഇവിടെ’. രണ്ടു ട്രെയിലറുകള്‍ ഉണ്ടാക്കിയ ഹൈപ്പ് ഈ സിനിമയ്ക്ക് ദോഷം ചെയ്യുമെന്ന് തീര്‍ച്ച. വളരെ സ്ലോ ആയ കഥ പറച്ചിലും ഫാസ്റ്റ് ഫുഡ് സിനിമ പ്രതീക്ഷിച്ചുപോകുന്നവര്‍ക്ക് പ്രശ്നമാകും. എന്നാല്‍, ശ്യാമപ്രസാദ് എന്ന ക്ലാസ് സംവിധായകന്‍റെ സിനിമാരീതികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച അനുഭവം തന്നെയായി ഇവിടെ മാറും എന്നുറപ്പ്.

വരുണ്‍ ബ്ലേക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ പൃഥ്വിരാജ് മാത്രമേയുള്ളൂ എന്ന് നിസംശയം പറയാം. അത്ര ഗംഭീര പെര്‍ഫോമന്‍സാണ് പൃഥ്വി നടത്തിയിരിക്കുന്നത്. പൃഥ്വിക്കൊപ്പം എത്തുന്നില്ലെങ്കിലും നിവിന്‍ പോളിയും കഥാപാത്രത്തോട് നീതി പുലര്‍ത്തി. ഭാവനയും മോശമാക്കിയില്ല.

ഒരു ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന മേക്കിംഗാണ് ‘ഇവിടെ’യുടേത്. എറിക് ഡിക്കിന്‍സണിന്‍റെ ഛായാഗ്രഹണ മികവാണ് ഇവിടെയുടെ ഹൈലൈറ്റ്. മനോജിന്‍റെ എഡിറ്റിംഗ് ആഖ്യാനത്തിന് ചേര്‍ന്നത്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ആവറേജാണ്. പശ്ചാത്തല സംഗീതവും ഗോപി തന്നെ. ഒരു ഗാനം പാടിയിരിക്കുന്നത് പൃഥ്വിരാജ്.

അജയന്‍ വേണുഗോപാലന്‍റെ തിരക്കഥ ശരാശരി നിലവാരം പുലര്‍ത്തി. സംഭാഷണങ്ങള്‍ കൂടുതലും ഇംഗ്ലീഷാണ്. പൃഥ്വിയുടെ അമേരിക്കന്‍ ഇംഗ്ലീഷ് കസറി.

എന്തായാലും ഈ ശ്യാമപ്രസാദ് ചിത്രം ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് വിരുന്നാകുമ്പോള്‍ മെമ്മറീസ്, 7ന്‍‌ത് ഡേ, മുംബൈ പൊലീസ് തുടങ്ങിയ സിനിമകളുടെ ഗണത്തില്‍ പെടുന്ന ഉത്പന്നം പ്രതീക്ഷിച്ചുപോകുന്നവര്‍ക്ക് നിരാശ സമ്മാനിക്കുന്നു.

റേറ്റിംഗ്: 3.5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :