(ഈ കഥ കേട്ടിട്ട് വായനക്കാര്‍ക്ക് ഒന്നും മനസിലായില്ല എന്നു തോന്നുന്നു എങ്കില്‍ അതിന് എന്നെ പഴിക്കരുത്. എനിക്ക് കഴിയാവുന്ന രീതിയില്‍ മനസിലാക്കി തരാന്‍ ഞാന്‍ ശ്രമിക്കുകയാണ്. സിനിമ കഴിഞ്ഞ് വളരെ നേരം കഴിഞ്ഞാണ് എനിക്കും കഥയുടെ പല ഭാഗങ്ങളും മനസിലായത്. അതിന് രോഹിണിയുടെ സഹായവും വേണ്ടിവന്നു.)
പിയറി സായ്പ്പ് ഗിരിയെയും ഗൌരിയെയും ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന് രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞല്ലോ. അതില്‍ മിഷേലുമായി(പഴയ തമിഴ് നായകന്‍ സുരേഷ്) ഗൌരി പ്രണയത്തിലായി. അവരുടെ വിവാഹം തീരുമാനിച്ചതാണ്. പക്ഷേ മിഷേല്‍ ഒരു കേസില്‍ പെട്ടു. അതോടെ ഗിരി ഈ വിവാഹത്തിനെതിരായി. വിവാഹം മുടങ്ങി. മിഷേല്‍ ഗിരിയുടെ കണ്ണിലെ കരടുമായി.
ഗിരിയും ഗൌരിയും ഇനി ഒരു വിവാഹമേ വേണ്ട എന്ന തീരുമാനമെടുത്തിരിക്കുകയാണ്. നമുക്കിടയില്‍ മറ്റൊരാള്‍ കടന്നുവന്നാല്‍ പരസ്പരസ്നേഹം പോകും പോലും! (ദൈവമേ..നിലവിളിക്കാന്‍ തോന്നി. ഈ തിരക്കഥാകൃത്തുക്കള്‍ ഏതു കാലത്താണാവോ ജീവിക്കുന്നത്). എന്നാല്‍ വിവാഹം വേണ്ടെന്ന് തീരുമാനമെടുത്തവര്‍ ആ സ്റ്റാന്‍ഡില്‍ ഉറച്ചുനില്‍ക്കണ്ടേ? മിഷേലിനെ കണ്ടാല്‍ പിന്നെ ഗൌരിക്കൊരു നെടുവീര്‍പ്പാണ്. ആകെയൊരു തരിപ്പ്. ഗിരിയോ? ആക്സിഡന്‍റില്‍ പെട്ടൊരു പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ച ശേഷം(ആ കുട്ടിയാണത്രേ നായിക - തപസി) അവളെ ശരിക്കൊന്നു കാണാന്‍ മമ്മൂട്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍, ഹൊ!. മമ്മൂട്ടിക്ക് ഇത് പ്രായം അമ്പതിനു മുകളിലാണെന്ന കാര്യം സംവിധായകനും തിരക്കഥാകൃത്തും ഇടയ്ക്കിടെ മറന്നുപോകുന്നു.
കഥയാണല്ലോ പറഞ്ഞുവന്നത്. വിവാഹം വേണ്ടെന്നുവച്ച് ‘ഡബിള്‍സ്’ അങ്ങനെ കഴിഞ്ഞുകൂടുമ്പോഴാണ് ഒരു കാര്‍ ആക്സിഡന്‍റില്‍ പെട്ട സൈറാബാനു(തപസി) എന്ന പെണ്‍കുട്ടിയെ(പര്‍ദയാണ് വേഷം) ഗിരിക്കും ഗൌരിക്കും ലഭിക്കുന്നത്. ആക്സിഡന്‍റില്‍ ഡ്രൈവര്‍ മരിക്കുന്നു. അത് ഒരു കൊലപാതകമാണെന്ന് ഗിരി കണ്ടെത്തുന്നു. ആരുമില്ലാത്ത അവളെ തങ്ങളുടെ കൂടെ വീട്ടില്‍ നിര്‍ത്താന്‍ ഗിരിയും ഗൌരിയും തീരുമാനിക്കുന്നു. അവളാണെങ്കില്‍ പര്‍ദ മാത്രമേ ധരിക്കൂ. ആ മുഖം ഒന്നു കാണാന്‍ മമ്മൂട്ടിയും ബിജുക്കുട്ടനും സൈജു കുറുപ്പും അനൂപ് ചന്ദ്രനുമൊക്കെ ശ്രമിക്കുന്നു. കഴിയുന്നില്ല. അതിന്‍റെ ചില നാടകങ്ങള്‍. കോണി വച്ച് കയറലും അബദ്ധങ്ങള്‍ പിണയലുമൊക്കെ കോമഡി എന്ന പേരില്‍ കാണിച്ചുകൂട്ടുന്നു. (സോഹന്‍ സീനുലാലിന് മലയാളസിനിമ അധികം കണ്ട് പരിചയമുണ്ടെന്ന് തോന്നുന്നില്ല. മലയാളിത്തം തൊട്ടുതെറിച്ചിട്ടില്ലാത്ത കഥ. മലയാളത്തില്‍ ഇതിനുമുമ്പ് ഇത്രയും ബോറായ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് എന്‍റെ ഓര്‍മ്മയില്‍ കണ്ടെത്താനാവുന്നില്ല.)
സൈറാബാനുവിന് കുറച്ച് ദുരൂഹതകളൊക്കെയുള്ള കുട്ടിയാണ്. അവളെ ആരൊക്കെയോ പിന്തുടരുന്നു. ഈ ആക്സിഡന്‍റ് പ്ലാന്‍ ചെയ്തതിന് പിന്നില്‍ മിഷേലാണെന്ന് ഗിരിക്ക് ബോധ്യമാകുന്നു. ഗിരി പൊലീസ് പിടിയിലാകുന്നു. (സിനിമയിലെ പൊലീസുകാരന്‍ സലീം കുമാറാണ്. ‘മയ്യഴി’ എന്നാണ് കക്ഷിയുടെ പേര്. എല്ലാ വിധ അന്വേഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇയാളാണ്. പക്ഷേ, പൊലീസുകാരന് ഗിരി പറയുന്നതാണ് വേദവാക്യം. ഇത് കൊലപാതകമാണെന്ന് ഗിരി പറഞ്ഞാല്‍ കൊലപാതകം, ആത്മഹത്യയാണെന്ന് പറഞ്ഞാല്‍ ആത്മഹത്യ). മിഷേലിനെ ഗിരി ബോധപൂര്‍വം കുടുക്കിയതാണെന്ന് ഗൌരി സംശയിക്കുന്നു. ഗിരിയും സൈറാബാനുവും തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കുന്ന ഗൌരി ബഹളമുണ്ടാക്കുന്നു. ഗിരിയെ ഉപേക്ഷിച്ച് ഗൌരി മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയാണ്. ബിജുക്കുട്ടന്‍ ഇത്യാദികളും ഗൌരിയോടൊപ്പം പോകുന്നു. ഗിരി ഒറ്റപ്പെടുന്നു. ഒറ്റപ്പെടുന്നു എന്നു പറയാനാവില്ല, സൈറാബാനു എന്നൊരുവള്‍ കൂടെയുണ്ടല്ലോ!
ഇത്രയും പറഞ്ഞപ്പോള്‍ കഥ എന്തെങ്കിലും മനസിലായോ? മനസിലായെന്നു പറഞ്ഞാല്‍ വരട്ടെ, ഇതൊന്നുമല്ല കഥ. അത് ആഴക്കടല്‍ പോലെയോ നീലാകാശം പോലെയോ പരന്നു കിടക്കുകയല്ലേ. സൈറാബാനു ആക്സിഡന്‍റാകുമ്പോള്‍ അവളുടെ കൈവശം ഒരു അമ്പതുലക്ഷം രൂപയുണ്ടായിരുന്നുവത്രേ. അതിപ്പോള്‍ കാണാനില്ല. മമ്മൂട്ടിയുടെ സംഘത്തിലെ ആരോ പണം അപഹരിച്ചെന്നാണ് ആരോപണം. അത് ആവശ്യപ്പെട്ട് ഒരു ഡാനിയും ഗുണ്ടകളും അവളുടെ പിന്നാലെയുണ്ട്. പണം കൊടുക്കാമെന്ന് മമ്മൂട്ടി. അതിനിടയില്‍ ആനന്ദ് രാജ് അവതരിപ്പിക്കുന്ന പഠാന്‍ എന്ന വില്ലന്‍. പിന്നെ, മിഷേലിന്‍റെ അളിയന്‍ ലിയോ(ആ നടന്‍റെ പേരറിയില്ല) എന്ന മറ്റൊരു വില്ലന്‍. ഇവര്‍ക്കൊക്കെ പണം വേണം. കുഴല്‍പ്പണമാണ്. അതിനുവേണ്ടി ചില നാടകങ്ങള്‍.
ഒടുവില്‍ പരിശുദ്ധനായ മിഷേലിനെ ലിയോ അടിച്ചുവീഴ്ത്തുന്നു. അതിന്‍റെ കുറ്റവും ഗിരിക്ക്. ഒടുവില്‍ മിഷേലിനെയും ഗൌരിയെയും കൊല്ലാനായി ലിയോ ഒരു കുന്നിന്‍ മുകളിലേക്ക് കൊണ്ടുപോകുന്നു. മമ്മൂട്ടി അവിടെയെത്തുന്നു. അടി, തിരിച്ചടി. ഒടുവില്‍ എല്ലാം ശുഭം.
(കഥ പറഞ്ഞു ഞാന്‍ തളര്‍ന്നു. ഈ കഥ ഇതിലും ലളിതമായി പറഞ്ഞുതരാന്‍ എനിക്കറിയില്ല. മനസിലാകാത്ത വായനക്കാര്‍ ക്ഷമിക്കുക.)