പോണ്ടിച്ചേരിയാണ് ഡബിള്‍സിന്‍റെ കഥയുടെ പശ്ചാത്തലം. ഗിരി, ഗൌരി എന്നീ രണ്ട് ഇരട്ടക്കുട്ടികള്‍. അവരുടെ ബര്‍ത്ത്‌ഡേ ആഘോഷം. അതിനു ശേഷം അച്ഛനും അമ്മയുമൊത്ത്(അച്ഛനെ മനസിലായില്ല. അമ്മ ഗീതാ വിജയനാണ്) അവര്‍ ഒരു കാറില്‍ പുറത്തേക്ക് പോകുന്നു. വഴിയില്‍ വച്ച് കാര്‍ അപകടത്തില്‍ പെടുന്നു. ആരും രക്ഷപ്പെടുത്താനില്ലാതെ അച്ഛനും അമ്മയും മരിക്കുന്നു. ഗിരിയെയും ഗൌരിയെയും പിയറി സായ്പ്പ്(വൈ ജി മഹേന്ദ്ര) കൂട്ടിക്കൊണ്ടു പോകുന്നു. പിയറിയുടെ രണ്ട് മക്കള്‍ ഉണ്ട്, അവര്‍ക്കൊപ്പം വളര്‍ത്തുന്നു.
ഇത് കഥയുടെ തുടക്കം. ഈ ഗിരിയും ഗൌരിയും ഇന്ന് ഒരു ആക്സിഡന്‍റ് റസ്ക്യൂ യൂണിറ്റ് നടത്തുകയാണ്. പോണ്ടിച്ചേരിയിലെവിടെ ആക്സിഡന്‍റ് നടന്നാലും ഇവരുടെ യൂണിറ്റ് പാഞ്ഞെത്തും. എല്ലാവരെയും ഒരു പോറല്‍ പോലുമില്ലാതെ രക്ഷപ്പെടുത്തും. അപകടത്തില്‍ പെട്ടാല്‍ സഹായം ലഭിക്കാത്തതിന്‍റെ പേരില്‍ ആരും മരണത്തിന് കീഴടങ്ങരുത്. ഇതാണ് ഗിരിയുടെയും ഗൌരിയുടെയും നയം.
ഇവരുടെ ഇന്‍ട്രൊഡക്ഷനാണ് തകര്‍പ്പന്‍. ഒരു വലിയ കൊക്കയിലേക്ക് ഒരു കാര്‍ മറിയുന്നു. ഒരു കുട്ടി ഫോണില്‍ വിളിച്ച് ഗിരിയുടെ ഓഫീസില്‍ വിവരമറിയിക്കുന്നു. ക്രെയിനും ആംബുലന്‍സും സര്‍വ സന്നാഹങ്ങളുമായി ഉടന്‍ വരികയാണ് അവര്‍. അവര്‍ എന്നുപറഞ്ഞാല്‍ സൈജു കുറുപ്പ്, അനൂപ് ചന്ദ്രന്‍, ബിജുക്കുട്ടന്‍ എന്നിവരും പിന്നെ നമ്മുടെ ഗൌരിയും ഗിരിയും. കാറില്‍ നിന്ന് ഗൌരി(നദിയാ മൊയ്തു) ഇറങ്ങുന്നു. രക്ഷപ്പെടുത്താനുള്ള വടം ക്രെയിനില്‍ നിന്ന് കൊക്കയിലേക്ക് എറിയുന്നു. അതില്‍ തൂങ്ങിയിറങ്ങുമ്പോഴാണ് നമ്മുടെ നായകനെ, ഗിരി(മമ്മൂട്ടി)യെ നമുക്ക് കാണാനാകുന്നത്. കയറില്‍ തൂങ്ങി, നല്ല ഗ്ലാമറില്‍ പത്തുപതിനായിരം അടി താഴേക്ക് ഈസിയായി തൂങ്ങിയിറങ്ങിപ്പോയി! പിന്നാലെ പെങ്ങളും. സത്യം പറയാമല്ലോ, മമ്മൂട്ടി ആരാധകര്‍ക്കുപോലും കൈയടിക്കാന്‍ തോന്നിയിട്ടുണ്ടാവില്ല. ഈ കൊമേഴ്സ്യല്‍ ഇന്‍ട്രൊഡക്ഷന്‍റെ മടുപ്പ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും മലയാളികളെ വിട്ടൊഴിയുന്നില്ലല്ലോ!
എത്ര ആലോചിച്ചിട്ടും മനസിലാകാത്ത ഒരു കാര്യമുണ്ട്. മഹാനടനായ മമ്മൂട്ടിയോട് ഡബിള്‍സിന്‍റെ സ്രഷ്ടാക്കള്‍ കഥ പറയാന്‍ ചെന്ന ഒരു സന്ദര്‍ഭം ഉണ്ടായിരിക്കുമല്ലോ. എന്തുകഥയായിരിക്കും അവര്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ടാവുക? ഈ കഥ തന്നെയാണെങ്കില്‍ അത്ഭുതം ഇരട്ടിക്കുകയാണ്. ഇത്രയും വലിയൊരു അപകടത്തിന് മമ്മൂട്ടി എന്തിനാണ് അറിഞ്ഞുകൊണ്ട് തലവയ്ക്കുന്നത്?. ചില കാര്യങ്ങള്‍ക്കൊന്നും ഒരിക്കലും ഉത്തരം ലഭിക്കില്ല. ഇതും അത്തരത്തിലൊന്നാണെന്ന് തോന്നുന്നു.
WEBDUNIA|
അടുത്ത പേജില്‍ - ഇനി കഥ പറയാം, അങ്ങനെയൊന്നില്ലെങ്കിലും!