അന്ന് പറയാനാകാതെ പോയ പിതൃനൊമ്പരങ്ങളാണ് ‘കൃഷ്‌ണ’യിലൂടെ ചിരഞ്‌ജീവി ആരാധകരോടും വിമര്‍ശകരോടും വിശദീകരിക്കുന്നത്. തന്നെ ധിക്കരിച്ച് ഇറങ്ങി പോയ മകള്‍ക്കും പ്രകാശ് രാജിന്‍റെ വേഷത്തിലൂടെ ചിരഞ്‌ജീവി ഉപദേശം നല്‌കുന്നു.
സിനിമയുടെ കുടുംബരാഷ്ട്രീയം മലയാളിക്ക് അത്രമേല്‍ പരിചിതമല്ലെങ്കിലും കേരളീയ യുവതക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ‘കൃഷ്‌ണ’ ഒരുക്കിയിരിക്കുന്നത്. നായകന്‍റെ തനത് ‘എനര്‍ജി’ ആദ്യാവസാനം ഉണ്ടെങ്കിലും സ്ഥിരം തെലുങ്ക് അതിമാനുഷികതയും അതിഭാവുകത്വും ‘കൃഷ്ണ’യില്‍ ഇല്ലെന്നത് ആശ്വാസകരമാണ്.
ഗാനചിത്രീകരണം പതിവ് പോലെ മികച്ചതാണ്. മണിശര്‍മ്മയുടെ ഈണങ്ങള്‍ ചിത്രീകരിക്കാന്‍ ആലപ്പുഴ, മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രകാശ് രാജ് പതിവ് പോലെ മികച്ച പ്രകടനം കാഴ്‌ചവച്ചു. നായിക ഷീല ശരാശരി പ്രകടനമാണ് കാഴ്‌ച വയ്‌ക്കുന്നത്. സ്ഥിരം കൊമേഡിയന്‍ സുനില്‍ നായകന്‍റെ സുഹൃത്തായി ആദ്യാവസാനം നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നു.
ചിത്രത്തിന്‍റെ ആദ്യ പകുതി യുവാക്കളേയും അവസാന പകുതി മുതിര്‍ന്നവരേയും പിടിച്ചിരുത്തും. മൊഴിമാറ്റ ചിത്രമെന്ന പോരായ്‌മ തോന്നാത്തവിധം ഭംഗിയായ ഭാഷ വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സതീഷ് മുതുകുളത്തിന്‍റെ സംഭാഷണവും ബിജുതുറവൂരിന്‍റെ ഗാനങ്ങളും മോശമല്ല.
മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ ‘ചിറകറ്റ പരുന്തുകളും’ യുവതാരങ്ങളുടെ ‘വണ്‍വേ ടിക്കറ്റുകളും’ നിറയുമ്പോള്‍ തെലുങ്ക് പയ്യന്‍ അല്ലുഅര്‍ജ്ജുന്‍റെ ‘കൃഷ്‌ണ’ ശരാശരി മലയാളി പ്രേക്ഷകനെ നിരാശപ്പെടുത്തില്ല.